News

സംസ്ഥാനത്ത് കിടാരി പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി അഡ്വ. കെ.രാജു

ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെയും ക്ഷീരോദ്പാദക സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഉഴവൂര്‍ ബ്ലോക്ക്തല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് പാര്‍ക്കുകളാണ് ആരംഭിക്കുന്നത്. മികച്ച കിടാരികളിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മലബാര്‍ മേഖല ഇപ്പോള്‍ തന്നെ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. ഈ വര്‍ഷം തന്നെ സംസ്ഥാനം മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധന പാലുല്‍പാദനത്തില്‍ ഉണ്ടായിട്ടുണ്ട്. പാലില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മില്‍മയും ക്ഷീരവകുപ്പും ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്താല്‍ കര്‍ഷകര്‍ക്ക് കൃത്യമായ ലാഭം ലഭിക്കും. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ്, ബ്ലോക്കുകളില്‍ ക്ഷീര സോണുകള്‍ തുടങ്ങി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

കാലിത്തീറ്റയുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പൊതുമേഖലയില്‍ നടത്തിവരുകയാണ്. ഉല്‍പാദനം കൂട്ടുന്നതിനൊപ്പം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഗുണനിലവാര പരിശീലന യജ്ഞത്തിനും തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് ക്ഷീരവര്‍ധിനി പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനവും ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. 

വെളിയന്നൂര്‍ വെട്ടുപാറപ്പുറത്ത് ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു  സംഗമത്തോടനുബന്ധിച്ച് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗവ്യജാലകം ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു. മാലിന്യമുക്തിയില്‍ ക്ഷീരമേഖലയുടെ പങ്ക്, ആധുനികരീതിയില്‍ പശുപരിപാലനം, പാലിന്റെ ശുചിത്വത്തില്‍ ക്ഷീരസംഘങ്ങളും കര്‍ഷകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാര്‍ നയിച്ചു. 

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, മില്‍മ എറണാകുളം ഏരിയ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്     തങ്കമണി ശശി, ജില്ലാ പഞ്ചായത്ത് അംഗം അനിത രാജു, സിപിഐ ജില്ലാ സെക്രട്ടറി സി. കെ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: cattle park will be started at state

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine