ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ കുടിവെള്ളമെത്തിക്കാനായി ജലജീവൻ മിഷൻ നടപടികൾക്ക് തുടക്കമായി. ജില്ലയിലെ 43837 ഗ്രാമീണ ഭാവങ്ങളിൽ ഈ പദ്ധതി വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കും.എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും 2024 ഓടുകൂടി കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ഉടൻ ലഭിക്കുന്നതിനായി അവർക്കു മുൻതൂക്കമുള്ള വില്ലേജുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് വാട്ടർ കണക്ഷൻ നൽകുന്നത്. .
പദ്ധതി നടത്തിപ്പിന്റെ 50% കേന്ദ്ര ഫണ്ടും ഇരുപത്തഞ്ചു ശതമാനം സംസ്ഥാന ഫണ്ടും പതിനഞ്ചു ശതമാനം ഗ്രാമപ്പഞ്ചായത്തു ഫണ്ടും പത്തു ശതമാനം ഉപഭോക്തൃ വിഹിതവുമാണ്. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്. ആദ്യ ഘട്ടത്തിൽ 564 പദ്ധതികളാണ് നടപ്പാക്കുക.
കേരള വാട്ടർ അതോറിട്ടിയും ജലനിധിയുമാണ് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. വർഷങ്ങളായി കുടിവെള്ളമില്ലാതിരുന്ന ഉപ്പുതറ രാജീവ് ഗാന്ധി എസ് സി കോളനിയിൽ പദ്ധതിവഴി കുടിവെള്ളമെത്തി. .പെരിയാറിൽ നിന്നും വെള്ളം പമ്പു ചെയ്തു ശുദ്ധീകരിച്ചാണ് ഈ മേഖലയിലെ ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത്. അവികസിത ഗ്രാമങ്ങളിലെ വീടുകളിൽ വേഗത്തിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാഭരണകൂടവും ജനപ്രതിനിധികളും മാർഗ്ഗ നിർദേശങ്ങളും നൽകിവരുന്നു. ഇടുക്കി ജില്ലാ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓമനപ്പക്ഷികൾ, മുട്ടക്കോഴി, ആട് എന്നിവ വളർത്താൻ പരിശീലനം
Share your comments