തിരുവനന്തപുരം: കേരളത്തിന്റെ കടമെടുക്കാനുള്ള പരിധിയും റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡും കേന്ദ്രം വെട്ടിക്കുറച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 2023-24 സാമ്പത്തിക വർഷത്തിലേക്ക് 20,000 കോടി രൂപയാണ് ഈ ഇനങ്ങളിൽ കേന്ദ്രസർക്കാർ കുറച്ചത്. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ച സ്ഥാനത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
കൂടുതൽ വാർത്തകൾ: PM Kisan: ബാങ്ക് അക്കൗണ്ട്-ആധാറുമായി ബന്ധിപ്പിക്കുക; മെയ് 31 വരെ സമയം
സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണിത്. ഇതിനുപുറമെ റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ഇതിന് പുറമെയാണ് പുതിയതായി വെട്ടിക്കുറച്ചത്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസങ്ങളിൽ 22,000 കോടി രൂപയാണ് സംസ്ഥാനം വായ്പാപരിധി പ്രതീക്ഷിച്ചത്. എന്നാൽ മൊത്തം വർഷത്തേക്ക് നിശ്ചയിച്ച പരിധിയാകട്ടെ 15,390 കോടി രൂപ മാത്രമാണ്. ഫിസ്‌കൽ റസ്‌പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്റ്റ് (എഫ്.ആർ.ബി.എം ആക്റ്റ്) നിഷ്‌കർഷിക്കുന്ന വായ്പാ തുക പോലും കേന്ദ്ര സർക്കാർ നൽകുന്നില്ല. ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടണമെന്നും ധനമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങൾ വർധിപ്പിച്ചും ജനങ്ങളുടെ പിന്തുണയോട് കൂടിയുമാണ് കഴിഞ്ഞ വർഷം സംസ്ഥാനം പിടിച്ചുനിന്നത്.
40,000 കോടിയിൽപ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിൽ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോൾ ചില വടക്കൻ സംസ്ഥാനങ്ങളിൽ അത് 40 ശതമാനം മാത്രമാണെന്നും ബാക്കി കേന്ദ്ര സഹായമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Share your comments