സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ചുവന്ന ലേബലുള്ള 18 ഇനം കീടനാശിനികളുടെ ഉപയോഗവും വില്‍പനയും വിലക്കിക്കൊണ്ട് കേന്ദ്ര കൃഷി വകുപ്പ് വിലക്കി ഉത്തരവിറക്കി. കീടനാശിനികളായ മീഥോമീല്‍, മെര്‍ക്കുറിക് ക്ലോറൈഡ്, കാര്‍ബറില്‍, ഡൈക്ലോര്‍വോസ്, ഫൊറേറ്റ് എന്നിവയ്ക്കുള്‍പ്പെടെയാണ് നിരോധനം.
മഞ്ഞ ലേബലുള്ള കീടനാശിനികളായ കാര്‍ബോസള്‍ഫാന്‍, ക്ലോര്‍ പ്യൂരിഫോസ്, ലാംഡ സൈഹാലോത്‌റിന്‍ നീല ലേബലുള്ള അസൊഫേറ്റ് കളനാശിനികളായ ഗ്ലൈഫോസേറ്റ് എന്നിവയുടെ വില്‍പനയും ഉപയോഗവും കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.നിരോധിത പട്ടികയിലുള്ള കീടനാശിനികളായ മീഫൈല്‍ പാരത്തിയോണ്‍, മോണോക്രോട്ടഫോസ്, മീഥൈല്‍ ഡെമറ്റോണ്‍, ട്രൈയാഫോസ്, പ്രൊഫെനോഫോസ് കുമിള്‍നാശിനികളായ എഡിഫെന്‍ഫോസ്, ട്രൈസൈക്ലാസോള്‍, ഓക്‌സിതയോക്വിനോക്‌സ്, കളനാശിനികളായ അനിലോഫോസ്, പാരക്വാറ്റ്, തയോബെന്‍കാര്‍ബ്, അട്രാസിന്‍ എന്നിവയുടെ റജിസ്‌ട്രേഷന്‍, നിര്‍മ്മാണം, ഇറക്കുമതി, കൈമാറ്റം, വില്‍പന എന്നിവ സംസ്ഥാനത്തു പൂര്‍ണമായും വിലക്കിയിട്ടുണ്ട്. തെങ്ങ്, വാഴ, പൈനാപ്പിള്‍, തേയില തുടങ്ങിയ വിവിധ വിളകള്‍ക്കും പച്ചക്കറി കൃഷിക്കും ഉപയോഗിക്കുന്നവയാണ് ഭൂരിഭാഗം കീടനാശിനികളും.
സംസ്ഥാന കൃഷിവകുപ്പ് 2011 ല്‍ 16 ഇനം കീടനാശിനികളുടെ ഉപയോഗം വിലക്കിയെങ്കിലും അവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അഗ്രികള്‍ചറല്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസി.ഡയറക്ടര്‍ ഷാജന്‍ മാത്യു മനോരമയോടു പറഞ്ഞു. നിരോധിത കീടനാശിനിയായ ഫ്യുറിഡാനും ഫൊറേറ്റുമാണ് ഇതില്‍ മുഖ്യം.അനധികൃത കീടനാശിനികള്‍ കേരളത്തില്‍ എത്തുന്നതു തടയാന്‍ കൃഷി വകുപ്പു പ്രത്യേക സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കും.സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട വളവും കീടനാശിനികളും വളംവില്പനശാലകള്‍ വന്‍കിട കച്ചവടക്കാര്‍ക്കു മറിച്ചുവില്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കീടനാശിനികള്‍ വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും.
Share your comments