കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് സ്റ്റഡീസ് (സിഎസ്ഇഎസ്) ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരുടെ, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഇടപെടുന്നവരുടെ “കോവിഡ് കാലാനുഭവങ്ങൾ” രേഖപ്പെടുത്തി വെക്കുന്ന ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചു. കോവിഡ് കാല അനുഭവങ്ങളും, ചിന്തകളും, ഈ വിഷയവുമായി ബന്ധപ്പെട്ട വസ്തുതാപരമായ ലേഖനങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന ഈ ഉദ്യമത്തിന് “In Limbo: Reflecting upon a Pandemic“ എന്നാണ് പേരുനൽകിയിരിക്കുന്നത്.
നിലവിൽ സി.എസ്.ഇ.എസ്.ന്റെ ഓഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ എഴുതിയ വ്യക്തിയുടെ തന്നെ പേരിലാണ് തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. ലോക്ക്ഡൌണിനു ശേഷം ഇവയെല്ലാം ഒരുമിപ്പിച്ച് പ്രസിദ്ധീകരിക്കുക എന്നതാണ് ലക്ഷ്യം.
വ്യത്യസ്ത സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ഈ കാലത്തെ എങ്ങനെ നേരിട്ടുവെന്ന് മനസിലാക്കുന്നത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഭാവിയിൽ നയങ്ങൾ രൂപീകരിക്കുന്നതിന് ഉപയോഗപ്രദമായിരിക്കുമെന്ന ആലോചനയിൽ നിന്നാണ് ഇത്തരം ഒരാശയം ഉടലെടുത്തതെന്ന് സി.എസ്.ഇ.എസ്. പറയുന്നു. വിവിധ സർക്കാരുകളും സർക്കാരേതര സംഘടനകളും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിനായി നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ച് പരസ്പരം പങ്കുവെക്കുന്നത് അനുകരണീയമായ മാതൃകകൾ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുമെന്നും, സീരിസിന്റെ ആമുഖ കുറിപ്പ് വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, കച്ചവടക്കാർ, കൃഷിക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങി ഏതു വിഭാഗത്തിൽപ്പെടുന്നവർക്കും, കോവിഡ്-ലോക്ക്ഡൌൺ കാലഘട്ടത്തിലെ വ്യക്തിഗതാനുഭവങ്ങളും ഈ സാഹചര്യവുമായി ബന്ധപ്പെട്ട അവരുടെ മൌലികമായ ചിന്തകളും സി.എസ്.ഇ.എസുമായി പങ്കുവെക്കാവുന്നതാണ്.
അനുഭവങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള എഴുത്തായോ, വീഡിയോ ആയോ ശബ്ദരേഖയായോ csesmedia@gmail.com എന്ന മെയിൽ ഐ.ഡി.യിലേക്കോ, Centre for Socio-economic & Environmental Studies, Kochi എന്ന ഫേസ്‌ബുക്ക് പേജിലേക്കോ (മെസേജായി) അയക്കാം.
Share your comments