എറണാകുളം: കൊതിയൂറും മാമ്പഴങ്ങളുടെ പ്രദർശനമൊരുക്കി ജില്ലാ പഞ്ചായത്ത്. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി തൃക്കാക്കര മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം സംഘടിപ്പിച്ച 'ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ്' ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾ: കോഴികളെ പാമ്പ് വിഴുങ്ങി; നഷ്ടപരിഹാരം വേണമെന്ന് കർഷകൻ
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലായി കീടനാശിനി ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ് എന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സഹകരണ എക്‌സ്‌പോയില്‍ ജില്ലാ പഞ്ചായത്തിന്റെ പൊക്കാളി കൃഷി, മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും എം.പി കൂട്ടിച്ചേർത്തു. ജനകീയ ആസൂത്രണം 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് മാന്യമായ വില ഉറപ്പാക്കി കാര്‍ഷികരംഗം സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഗുണമേന്മയുള്ളതും വിഷരഹിതവുമായ അന്‍പതോളം മാങ്ങകള്‍ പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിരുന്നു. കൂടാതെ മാങ്ങയില്‍ നിന്നുള്ള വിവിധ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍, മാമ്പഴ ഭക്ഷണവിഭവങ്ങള്‍, മാവിന്‍ തൈകള്‍, മറ്റു പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) പി.ഇന്ദു നായര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രന്‍, ഷൈനി ജോര്‍ജ്, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, അഡ്വ.എം.ബി ഷൈനി, തൃക്കാക്കര മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, കെ.കെ ബിജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments