1. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റേയും കിഴക്കൻ കാറ്റിൻ്റേയും സ്വാധീനഫലത്താൽ ജനുവരി 5 വരെ കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇന്നും നാളെയും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത, അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2. വരവൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിതകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തിയ പദ്ധതിയിൽ 50 ശതമാനം ഗുണഭോക്തൃവിഹിതമാണ്. 12 മുതൽ 18 മാസം വരെ പ്രായമുള്ള 20,000 രൂപ വില വരുന്ന 20 പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. 10,000 രൂപ വീതം സബ്സിഡി ഇനത്തിൽ നൽകിയാണ് പദ്ധതി നടപ്പാക്കിയത്. വനിതകളിൽ കൃഷി ഒരു സംരംഭമായി വളർത്തുന്നതിന് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. വരവൂർ വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന പരിപാടിയിൽ വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷത വഹിച്ചു.
3. എറണാകുളം ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ കെ സ്റ്റോറുകള്‍ ആയി ഉയര്‍ത്തിയ 66 കടകളില്‍ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
4. ഉൽപാദനത്തിലും സംഭരണത്തിലും വർദ്ധനവുമായി കയർ മേഖലയിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ, ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ, കൊക്കോനർച്ചർ, ട്രൈകോപ്പിത്ത്- പ്രോ എന്നീ അഞ്ച് ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിപണിക്കാവശ്യമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Share your comments