1. അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിൻ്റെ ഫലമായി ശക്തമായ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഫലമായി അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിൻ്റെ ഭാഗമായി കോട്ടുവള്ളി കുടുംബശ്രീ CDS കോട്ടുവള്ളി കൃഷിഭവൻ്റെ സഹകരണത്തോടെ മില്ലറ്റ് അടുക്കള സംഘടിപ്പിച്ചു. മൂഴിക്കുളംശാല ഡയറക്റ്റർ Tr. പ്രേംകുമാർ മില്ലറ്റ് ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, മില്ലറ്റ് ഭക്ഷണങ്ങൾ തയാറാക്കുന്നതിനെക്കുറിച്ചും കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി. CDS ചെയർപേഴ്സൺ ബിന്ദു ഗോപാലകൃഷ്ണൻ , കൃഷി ഓഫീസർ അതുൽ B മണപ്പാടൻ , കൃഷി അസിസ്റ്റന്റ് SK ഷിനു , കുടുംബശ്രീ CRP. മാലതി രാമകൃഷ്ണൻ , ജൈവരാജ്യം മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
3. നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കർഷകർക്ക് എത്രയും വേഗം സംഭരണ വില നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ നടന്നു വരികയാണ്. കേരള ബാങ്കിന് പി.ആർ.എസ് വായ്പ ഇനത്തിൽ നൽകാനുള്ള കുടിശിക നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കും, കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ നീക്കുന്നതിന് കൺസോർഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുമായി കൂടിയാലോചനകൾ നടത്തുന്നതാണ്. ഇക്കാര്യങ്ങളിൽ തുടർപ്രവർത്തനങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
4. കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ ഫാർമേഴ്സ് എൻ്റർപ്രിണേഴ്സ് ഡെവലപ്മെൻ്റ് സൊസൈറ്റി പത്തനംതിട്ട അടൂരിൽ സംഘടിപ്പിക്കുന്ന വയലും വീടും നാളെ ആരംഭിക്കും. ഒക്ടോബർ 29 വരെ നടക്കുന്ന പരിപാടി രാവിലെ 11 മുതൽ രാത്രി 9 മണി വരെയാണ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനവും അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷതയും വഹിക്കും. പരിപാടിയിൽ കാർഷിക സെമിനാർ, പക്ഷി മൃഗാദികളുടെ പ്രദർശനം, പുരാവസ്തു പ്രദർശനം, നാടൻ ഭക്ഷ്യമേള, കുടുംബശ്രീ ഉത്പ്പന്ന മേള എന്നിവ നടക്കും.
Share your comments