മുക്കം: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ മൺപാത്ര നിർമാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ‘ദേ ചട്ടീം കലോം’ ചലഞ്ച്. അഗസ്ത്യൻമുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം നാട്ടരങ്ങ് കൂട്ടായ്മയാണ് ചേർത്തു നിർത്തലിന്റെ നല്ല പാഠമായത്.
വെസ്റ്റ് മാമ്പറ്റ ചെറുതടത്തിലെ നിരവധി കുടുംബങ്ങളാണ് മൺപാത്ര നിർമാണത്തിലൂടെ ഉപജീവനം നടത്തുന്നത്. കോവിഡ് മഹാമാരിമൂലം ദുരിതത്തിലായ ഇവരെക്കുറിച്ച് നേരത്തേ പത്രങ്ങൾ വാർത്തയാക്കിയിരുന്നു.
മൺപാത്രങ്ങൾക്ക് വിപണിസാധ്യതയൊരുക്കിയാണ് ‘ദേ ചട്ടീം കലോം’ എന്ന പേരിൽ അഗസ്ത്യൻമുഴിയിൽ മൺപാത്രച്ചന്ത നടത്തിയത്. ഒറ്റദിവസംകൊണ്ട് നാൽപ്പതിനായിരത്തോളം രൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. അഗസ്ത്യൻമുഴി നിവാസികളുടെ നല്ലമനസ്സ് തങ്ങൾക്ക് വലിയ ആശ്വാസമായതായി മൺപാത്രനിർമാണ തൊഴിലാളികളും പറഞ്ഞു.
സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലൂടെയാണ് ചന്തയിലേക്ക് ഉപഭോക്താക്കളെ എത്തിച്ചത്.ഇനിയും മങ്കലങ്ങൾ ആവശ്യമുള്ളവർക്ക് വാങ്ങാവുന്നതാണ്. പരിസ്ഥിതിക്കനുയോജ്യമായ മങ്കലങ്ങളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. മങ്കല നിർമ്മാണം ഉപജീവനമാർഗമാക്കിയ ഒരു ജനവിഭാഗത്തെ സംരക്ഷിക്കുകകൂടിയാണ് .
പ്രതീക്ഷിച്ചതിനപ്പുറം ആളുകൾ എത്തിച്ചേർന്നതും മൺപാത്രങ്ങൾ വിറ്റഴിക്കപ്പെട്ടതും നാട്ടുകൂട്ടം പ്രവർത്തകർക്കും മൺപാത്ര നിർമാതാക്കൾക്കും ആശ്വാസമായി. റൈനീഷ് നീലാംബരി, ബിജു പാറക്കൽ, പ്രിൻസ് മാമ്പറ്റ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : കണ്ണി വലുപ്പം കുറഞ്ഞ മത്സ്യബന്ധന വലകള്‍ക്ക് നിരോധനം
Share your comments