തരിശുനിലങ്ങളിൽ പൊന്നു വിളയിച്ച് മാതൃകയാകുകയാണ് ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം. തരിശായി കിടന്ന 14 ഏക്കർ ഭൂമി വൃത്തിയാക്കി പൊന്നു വിളയിക്കാൻ ഒരുമനസ്സോടെ പതിനാറോളം കർഷകരാണ് പാടത്ത് ഇറങ്ങിയത്. ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ഇക്കുറി പാടത്ത് വിതച്ചത്. കേരളത്തിലെ കാർഷിക സംസ്കാരം വീണ്ടെടുക്കുകയാണ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കൂടുതൽ വാർത്തകൾ: PM KISAN: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്കും അപ്ഡേറ്റ് ചെയ്യാം
മുതുവാട്ടുതാഴം പാടശേഖര സമിതിയുടെ പ്രയത്നത്തിനൊപ്പം പഞ്ചായത്തും കൂടിയതോടെ വിളവ് ഇരട്ടിയായി. നെല്ലിന് പ്രാദേശികമായി വിപണി കണ്ടെത്തുകയാണ് പാടശേഖര സമിതിയുടെ ലക്ഷ്യം. കൂടാതെ, കാർഷിക വകുപ്പിന്റെയും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെയും പൂർണ പിന്തുണ കർഷകർക്ക് ഉണ്ടായിരുന്നു. കനാൽവെള്ളവും ജൈവവളവും പൂർണമായി ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വിഷരഹിത നെല്ല് ആളുകളിലേക്കെത്തിക്കാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം.
വിത്ത് ഉപയോഗിച്ച് കരനെൽ കൃഷി നടത്താനും പാടശേഖര സമിതി ലക്ഷ്യമിടുന്നുണ്ട്. കഠിനമായ അധ്വാനം ഫലപ്രാപ്തിയിൽ എത്തിയ സന്തോഷത്തിലാണ് മുതുവാട്ടുതാഴം പാടശേഖരത്തിലെ കർഷകർ. കൃഷിവകുപ്പും പഞ്ചായത്തും നൽകിയ പിന്തുണ വലുതാണെന്ന് കർഷകനായ ചന്ദ്രൻ മൂത്തേടത്ത് പറഞ്ഞു. കൃഷി നൽകുന്ന സന്തോഷം ചെറുതല്ലെന്നും അടുത്ത വർഷം വീണ്ടും കൃഷിയിറക്കാനുള്ള ഊർജമാണ് ഇത്തവണ വിളവെടുപ്പിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Share your comments