ചെങ്ങന്നൂര്‍ മണ്ഡലത്തെ പൂര്‍ണ്ണമായും തരിശ് രഹിതമാക്കുന്നതിനായി കൂടുതല്‍ തുക അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയം മൂലം തകര്‍ന്ന ചെങ്ങന്നൂരിന്റെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം കണക്കിലെടുത്ത് രണ്ടാം ഘട്ടമായി 10 കോടി രൂപ കൂടി അനുവദിച്ചുകൊണ്ട് തരിശ് രഹിത ചെങ്ങന്നൂരിനായി 20 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ പൂമാട്ടി പുഞ്ചയിലെ നെല്‍കൃഷിയുടെ വിത്തുവിതയും ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ഷങ്ങളായി തരിശ് കിടക്കുന്ന 40 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കുന്നത്. ജലസേചന സൗകര്യങ്ങളുടെ അഭാവത്തില്‍ കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യാന്‍ മടിച്ചിരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും, ചെറിയനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ജലസേചന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് ഇത്തവണ ഇവിടെ കൃഷി ആരംഭിച്ചിരിക്കുന്നത്. ചെറുവല്ലൂര്‍ സെന്റ് ജോര്‍ജ്ജ് മാർത്തോമാ പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ ടീച്ചര്‍, ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍ ലതാ.ജി പണിക്കര്‍, ചെറിയനാട് കൃഷി ആഫീസര്‍ ബി.അഭിലാഷ്, ജനപ്രതിനിധികളായ ജി.വിവേക്, ഷാളിനി രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍കുമാര്‍, പാടശേഖര സമിതി പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍ റാവുത്തര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുട ങ്ങിയവര്‍ പങ്കെടുത്തു.
Share your comments