1. കോഴിയിറച്ചിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വില ഉയരുന്നു. കോട്ടയം ജില്ലയിൽ നാടൻ മുട്ടയ്ക്ക് 7 രൂപ വരെ കൂടി. വില കൂടിയതോടെ, കോഴിക്കർഷകരും പ്രതീക്ഷയിലാണ്. കേരളത്തിൽ മുട്ടക്കോഴികളെ വളർത്തുന്ന കർഷകരുടെ എണ്ണം കുറവായതിനാൽ, തമിഴ്നാട്ടിൽ നിന്നാണ് കോഴിമുട്ട കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഇറച്ചിയുടെയും മീനിന്റെയും വില വർധിച്ചത് മുട്ട വില ഉയരാനുള്ള കാരണമായി. കോഴിത്തീറ്റയുടെ വില വർധിച്ചതും, നാടൻ മുട്ടയുടെ പേരിൽ വ്യാജ മുട്ടകൾ വ്യാപകമായി വിൽപന ചെയ്യുന്നതും സാധാരണ കർഷകർക്ക് തിരിച്ചടിയായി. അതേസമയം, കോഴിയിറച്ചി കിലോയ്ക്ക് 150 രൂപ വരെ ഉയർന്നു. 160 രൂപയിൽ നിന്നും 120 രൂപയിലേക്ക് താഴ്ന്ന വിലയാണ് ഇപ്പോൾ പതിയെ കൂടുന്നത്. കോഴിയിറച്ചിയ്ക്ക് വില കൂടിയത് ഹോട്ടലുകളെയും തട്ടുകടക്കാരെയുമാണ് സാരമായി ബാധിക്കുന്നത്.
കൂടുതൽ വാർത്തകൾ: സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം!
2. എറണാകുളം ജില്ലയിലെ പൊക്കാളി പാടശേഖരങ്ങളിൽ പമ്പ് സ്ഥാപിക്കാൻ ധനസഹായം അനുവദിച്ചു. കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കാൻ 2.06 കോടി രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. 50 ഹോഴ്‌സ് പവറിന്റെ 4 പമ്പുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. പമ്പുകൾ സ്ഥാപിക്കുന്നതോടെ 250 ഹെക്ടർ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കാനാകുമെന്ന് എംഎൽഎ പറഞ്ഞു. ഇതോടെ പാടശേഖരങ്ങളിലെ വെള്ളം പൂർണ്ണമായി വറ്റിക്കാനും എല്ലായിടത്തും ഒരുമിച്ച് കൃഷിയിറക്കാനും സാധിക്കും.
3. പൂക്കോട് കൃഷിഭവനും, ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണവും 'ന്റെ കുട്ട്യാൾടെ കട' വിപണന സ്റ്റാളിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണത്തിനായി, രൂപീകരിച്ച ഇൻസൈറ്റ് കൃഷിക്കൂട്ടത്തിന്റെ വിപണന സ്റ്റാളാണ് 'ന്റെ കുട്ട്യാൾടെ കട'. SCB സെന്ററിൽ ആരംഭിച്ച
സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് നിർവഹിച്ചു. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, വിവിധങ്ങളായ അച്ചാറുകൾ, ചെറുധാന്യ ലഡു, അലങ്കാര ചെടികൾ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ തുടങ്ങിയവ വിപണനത്തിനായി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
4. പാലക്കാട് ജില്ലയിലെ അംഗീകൃത നഴ്‌സറികളില്‍നിന്നും 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞ് ഒന്നിന് 130 രൂപ നിരക്കില്‍ വില്‍ക്കുന്നു. താൽപര്യമുള്ളവര്‍ 9400402000 (ചിറ്റിലഞ്ചേരി), 9961103015 (കാവശ്ശേരി), 9400251027 (കരിമ്പ), 9744144344 (പട്ടാമ്പി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Share your comments