<
  1. News

കോഴിയിറച്ചി വില കുതിക്കുന്നു; മുട്ടയ്ക്കും ക്ഷാമം..കൂടുതൽ വാർത്തകൾ

8 രൂപയായിരുന്ന താറാവ് മുട്ടയുടെ വില 12 രൂപയായി, നാടൻ കോഴിമുട്ട 5 രൂപയിൽ നിന്നും 7 രൂപ 50 പൈസയായി വർധിച്ചു

Darsana J
കോഴിയിറച്ചി വില കുതിക്കുന്നു; മുട്ടയ്ക്കും ക്ഷാമം..കൂടുതൽ വാർത്തകൾ
കോഴിയിറച്ചി വില കുതിക്കുന്നു; മുട്ടയ്ക്കും ക്ഷാമം..കൂടുതൽ വാർത്തകൾ

1. കേരളത്തിൽ കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും വില ഉയരുന്നു. 8 രൂപയായിരുന്ന താറാവ് മുട്ടയുടെ വില 12 രൂപയായി. നാടൻ കോഴിമുട്ട 5 രൂപയിൽ നിന്നും 7 രൂപ 50 പൈസയായി വർധിച്ചു. നിലവിൽ സാധാരണ കോഴിമുട്ടയ്ക്ക് 6 രൂപയാണ് വില. കോഴിമുട്ടയുടെ ക്ഷാമം മൂലം മൊത്തവില ഉയർന്നതോടെ ചെറുകിട കച്ചവടക്കാർ വിലയിൽ മാറ്റം വരുത്തി. കോഴിയിറച്ചി മാത്രമല്ല, മത്സ്യവിലയും ദിനംപ്രതി വർധിക്കുകയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നെയ്മീൻ, കടൽക്കൊഞ്ച് എന്നിവയ്ക്കാണ് വില കൂടിയത്. തിരുവനന്തപുരം ജില്ലയിൽ 1 കിലോ കോഴിയിറച്ചിക്ക് 155 രൂപയാണ് വില. കോഴിയിറച്ചിക്ക് വില കൂടുന്നതിനനുസരിച്ച് ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വില കൂടുകയാണ്. എന്നാൽ ഇറച്ചി വില കുറയുന്ന സാഹചര്യത്തിൽ ഭക്ഷണത്തിന് വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല. ജില്ലയിൽ 3 ലക്ഷത്തിലധികം കോഴികളെയാണ് ഓരോ ആഴ്ചയിലും വിറ്റഴിക്കുന്നത്.

കൂടുതൽ വാർത്തകൾ: സ്വർണവിലയിൽ ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം

2. ചെറുധാന്യങ്ങൾ ഭക്ഷണത്തോടൊപ്പം ശീലമാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. പോത്തൻകോട്‌ കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല മില്ലറ്റ് ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുധാന്യങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നിതിനായി ഭക്ഷ്യവകുപ്പും കൃഷിവകുപ്പും ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. കേരളത്തിലുടനീളം മണ്ണ്-ജലസംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിനും വേണ്ടി 100 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിച്ചതായി വ്യവസായ മന്ത്രി പി രാജീവ്. കയർ മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കയർ ഭൂവസ്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. സംസ്ഥാനത്തെ 584 കയർ സഹകരണ സംഘങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതിൽ കയർഭൂവസ്ത്രം പദ്ധതി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഈ മേഖലയിൽ 95 ശതമാനവും സ്ത്രീകളാണ് ഉപജീവനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. 'മത്സ്യകര്‍ഷക മിത്രം' പദ്ധതിയിൽ ചേരാൻ അവസരം. നെടുങ്കണ്ടം മത്സ്യഭവന്‍ പരിധിയിൽ താമസിക്കുന്ന മത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 50 വയസ്സ് വരെയാണ്. മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം ലഭിച്ചവർക്കും, ഫിഷറീസില്‍ വി.എച്ച്.സി. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. എപ്രില്‍ 5ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, പ്രായം, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നെടുങ്കണ്ടം മത്സ്യഭവനില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്; 04868-234505.

5. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാനൊരുങ്ങി ആലപ്പുഴയിലെ ചേന്നം പള്ളിപ്പുറം പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പച്ചക്കറി കർഷകരെയും, ക്ഷീര കര്‍ഷകരെയും ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൂടാതെ, ഗ്രാമപഞ്ചായത്തിനെ ഭൗമതാപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി എല്ലാ വീടുകളിലും തരിശുഭൂമികളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും.

6. ‘പറവകൾക്ക് ഒരു തണ്ണീർക്കുടം’ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം. കേരള വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരങ്ങളിലാണ് പക്ഷികൾക്കായി കുടിനീർ ഒരുക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തിൽ തണ്ണീർക്കുടങ്ങൾ ഒരുക്കുന്നുണ്ട്.

7. വിധവകളായ സ്ത്രീകൾക്ക് കൈത്താങ്ങായി കെപ്കോ ആശ്രയ പദ്ധതി. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ മുഖേന സംഘടിപ്പിക്കുന്ന പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുക, വിധവകള്‍ക്ക് കൈതാങ്ങാവുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളായ 850 ഓളം പേര്‍ക്ക് 10 മുട്ട കോഴിയും, 3 കിലോ തീറ്റയും മരുന്നും ഉള്‍പ്പെടെ വിതരണം ചെയ്തു.

8. എറണാകുളം ജില്ലയിലെ 1000 വാര്‍ഡുകളില്‍ കാർഷിക സെൻസസ് വിവരശേഖരണം പൂര്‍ത്തിയായി. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് എറണാകുളം. ജനുവരി 1 മുതലാണ് കേരളത്തിൽ കാർഷിക സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏപ്രില്‍ 15 നകം ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും സെൻസസ് ഡാറ്റ ഉപയോഗിക്കും.

9. എക്‌സ്‌പോർട്ട് എക്‌സലൻസ് അവാർഡിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി Insecticides India Limited. വൺ-സ്റ്റാർ എക്‌സ്‌പോർട്‌സ് ഹൗസ് വിഭാഗത്തിൽ 2018-19 സാമ്പത്തിക വർഷത്തെ ഗോൾഡ് അവാർഡും 2019-20 സാമ്പത്തിക വർഷത്തെ സിൽവർ അവാർഡുമാണ് ഐഐഎൽ സ്വന്തമാക്കിയത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരദാനം നടന്നത്. വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേലിൽ നിന്നും ഐഐഎൽ എംഡി രാജേഷ് അഗർവാൾ, ഇന്റർനാഷണൽ ബിസിനസ് മേധാവി ശ്രീകാന്ത് സാത്വെ എന്നിവർ അവാർഡ് സ്വീകരിച്ചു.

10. കേരളത്തിൽ ഏപ്രിൽ 2 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യത പരിഗണിച്ച് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

English Summary: chicken price and egg price today in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds