
1. സംസ്ഥാനത്ത് ഉദ്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. നഷ്ടത്തിൽപെട്ടിരിക്കുന്ന കേരളത്തിലെ പൗൾട്രി കർഷകരെ പ്രതിസന്ധിയിലാക്കി ഇതര-സംസ്ഥാന ലോബികൾ വില ഉയർത്തുകയാണ്. വടക്കൻ ജില്ലകളിൽ 150 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് 210 രൂപ ഉയർന്നു. നോമ്പ് സീസൺ പ്രമാണിച്ച് ഇനിയും വില വർധിക്കുമെന്നാണ് വിലയിരുത്തൽ. കനത്ത ചൂടിൽ കോഴികളുടെ പരിപാലന ചെലവ് കൂടുതലാണ്, കൂടാതെ കോഴികൾ ചത്തുപോകുന്നതും പതിവാണ്. ബ്രോയ്ലർ കോഴികൾ ചൂട് കൂടുതലായാൽ തീറ്റയെടുക്കാതെ വെള്ളം കൂടുതലായി കുടിയ്ക്കും. ഇതോടെ തൂക്കവും കുറയും. ഈ സാഹചര്യത്തിൽ ലോബികൾ കോഴിക്കുഞ്ഞുങ്ങളുടെ വില 20ൽ നിന്നും 45 രൂപയോളം ഉയർത്തി. കേരളത്തിൽ ഉദ്പാദനം കൂടുമ്പോൾ തമിഴ്നാടൻ ലോബി വില കുറയ്ക്കുന്നതാണ് കർഷകരെ പ്രധാനമായും നഷ്ടത്തിലാക്കുന്നത്.
2. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും സിയാൽ. 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.പി.സി.എല്ലുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കരാർ ഒപ്പുവച്ചു. ഇതോടെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളമാകും സിയാൽ. 2025 ആരംഭിക്കുമ്പോൾ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ഇന്ധനം എയർപോർട്ടിനുള്ളിലെ വാഹനങ്ങളിൽ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ വാർത്തകൾ: 1 കോടി വീടുകളിൽ സൗജന്യ വൈദ്യുതി; റൂഫ്‌ടോപ്പ് സോളാർ പദ്ധതി ഉടൻ
3. പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്ലോറികൾച്ചർ സെന്ററാണ് 6 മാസം ദൈര്‍ഘ്യമുള്ള കോഴ്സ് സംഘടിപ്പിക്കുന്നത്. 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍/ ബയോളജി/ ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു/ വി.എച്.എസ്.ഇ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം. 4500 രൂപയാണ് ഫീസ്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും കാര്‍ഷിക കേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍ തിരുവനന്തപുരം – 695582 എന്ന വിലാസത്തിലോ, 0471-2413739, 9383470294, 9383470293 എന്നീ ഫോണ്‍ നമ്പരുകളിലോ, [email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
4. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ എ-ഹെല്‍പ്പ് പദ്ധതി ആരംഭിച്ചു. നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2,000 കുടുംബശ്രീ അംഗങ്ങള്‍ ഹെല്‍പ്പര്‍മാരാകും. പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. എ ഹെല്‍പ്പര്‍മാര്‍ക്കുള്ള പരിശീലന കിറ്റുകൾ തദ്ദേശമന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു. 40 ദിവസത്തെ പശുസഖി പരിശീലനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളെയാണ് എ ഹെല്‍പ്പര്‍മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ 16 ദിവസത്തെ ഉന്നത പരിശീലനവും നല്‍കും.
Share your comments