News

ചിക്കന്‍പോക്‌സ്: ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

chickenpox

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് പകരുന്നത്. അസൈക്ലോവീര്‍ എന്ന ആന്റിവൈറല്‍ മരുന്ന് രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗത്തില്‍ ഭേദമാകാനും രോഗതീവ്രതയും സങ്കീര്‍ണ്ണതകളും കുറയ്ക്കാനും സഹായിക്കും.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ടുമുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണം കാണും. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍ എല്ലാം ഒരേ സമയം അല്ല ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത് നാല് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുമിളകള്‍ താഴ്ന്നു തുടങ്ങും. രോഗ പ്രതിരോധശേഷി കുറവായിട്ടുള്ളവരിലും അപൂര്‍വ്വമായി കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഉണ്ടാവും. ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നുമാസത്തെ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകാനും സാധ്യതയുണ്ട്.


ചിക്കന്‍പോക്‌സ് ബാധിച്ചു കഴിഞ്ഞാല്‍ ശരീരത്തില്‍ തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങള്‍ വെട്ടി, കൈകള്‍ ആന്റി ബാക്ടീരിയല്‍ സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗിക്ക് കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. രോഗി വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. ഫലപ്രദമായ ആന്റിവൈറല്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം യഥാസമയം കഴിച്ചാല്‍ രോഗം പൂര്‍ണ്ണമായി ഭേദപ്പെടും.


English Summary: chickenpox precaution to be taken said Health Department

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine