News

സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കണം:  ജില്ലാ മെഡിക്കല്‍ ഓഫീസര്‍

sunburn
അന്തരീക്ഷതാപം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടാകാം. സൂര്യാഘാതം മാരകമാകാന്‍ സാധ്യത ഉള്ളതിനാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. 
 
സൂര്യാഘാതത്തെക്കാള്‍ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം (ഹീറ്റ് എക്‌സ്‌ഹോഷന്‍). കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂട് കാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്ത സമ്മര്‍ദ്ധം മുതലായ മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് കാണുന്നത്. താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തലവേദന, ഛര്‍ദ്ധി, ബോധംകെട്ട് വീഴുക എന്നിവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീ മിടിപ്പ് ശക്തി കുറഞ്ഞു വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ദ്ധിച്ച തോതിലും ആയിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.
 
സൂര്യാഘാതത്തിന്റെയും താപശരീര ശോഷണത്തിന്റെയും ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാന്‍, എ സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, കഴിയുന്നതും വേഗം വൈദ്യസഹായം തേടുക.

 

സൂര്യാഘാതം/ശരീര ശോഷണം എന്നിവ വരാതിരിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2  4 ഗ്ലാസ്സ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും, ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക. വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചകഴിഞ്ഞു 3 മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. ധാരാളം വെള്ളം കുടിക്കുക, പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്, ഡോക്ടറെ കണ്ട് ചികിത്സ തേടുക.
 
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് മൂലം പേശീ വലിവ് അഥവാ ഹീറ്റ് ക്രാംപ്‌സ് ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നത് നിര്‍ത്തി തണുപ്പുള്ള സ്ഥലത്തേക്ക് മാറുക വെള്ളം പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് ഇതിനെ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളില്‍ വിയര്‍പ്പ് മൂലം ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതു കാണാറുണ്ട്. ഇതിനെ ഹീറ്റ് റാഷ് എന്ന് പറയുന്നു. കുട്ടികളില്‍ ആണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. കുട്ടികളില്‍ കഴുത്തിലും നെഞ്ചിന് മുകളിലും ആണ് ഇത് കൂടുതല്‍ കാണുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും കാണാറുണ്ട്. സ്ത്രീകളില്‍ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്. അധികം വെയില്‍ ഏല്‍ക്കാതെ നോക്കുക, തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share your comments