ആഗോള കാലാവസ്ഥ വ്യതിയാനം (Global Climate Change) കാർഷിക മേഖലയെ ബാധിച്ചതായി ഉത്തർപ്രദേശിലെ റാണി ലക്ഷ്മി ഭായ് കേന്ദ്ര കാർഷിക സർവകലാശാലയുടെ (Rani Lakshmi Bai Central Agricultural University) വൈസ് ചാൻസലർ പ്രൊഫ. അരവിന്ദ് കുമാർ. പ്രത്യേകിച്ച് റാബി സീസണിലെ (Rabi season) കാലാവസ്ഥയുടെ മാറ്റം ഇന്ത്യയിലെ ഉൽപ്പാദനക്ഷമതയെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
‘സ്വാശ്രയവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ കൃഷിക്ക് സുസ്ഥിരമായ ഭക്ഷ്യോത്പാദന സംവിധാനങ്ങൾ’ (Sustainable Food Production Systems For Self-Reliant & Climate Resilient Agriculture) എന്ന വിഷയത്തോടനുബന്ധിച്ച് കർണാടകയിലെ ധാർവാഡിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രൊഫ. അരവിന്ദ് കുമാർ. കൊവിഡ്-19 തരംഗം ഇന്ത്യൻ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു എങ്കിലും പാൽ ഉൽപാദനത്തിൽ (Milk Production) ലോകത്തിന് മുന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Pregnancy Tips: ഗർഭാവസ്ഥയിൽ ജോലി തുടരണോ, വേണ്ടയോ? എടുക്കാം ഈ മുൻകരുതലുകൾ
ഭക്ഷ്യോൽപ്പാദനത്തിൽ (Food Production) ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചെങ്കിലും സമൂഹത്തിന് പോഷകസമൃദ്ധമായ ഭക്ഷണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൃഷിഭൂമികളുടെ എണ്ണം കുറയുന്നതും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്‌ടപ്പെടുന്നതും പോലുള്ള പ്രതിസന്ധികളാണ് കർഷകർ നേരിടുന്നത്. ഈ പ്രശ്നങ്ങളെ മറികടന്ന് വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് മതിയായ ഭക്ഷണം നൽകുക എന്നതും കർഷകർ നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. ഈ പ്രശ്നങ്ങൾ മറികടക്കാൻ കർഷകർ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അധിക രാസവളം പ്രയോഗിച്ച് മണ്ണിന്റെ ഗുണങ്ങൾ നശിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു.
മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുക, മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ചും അതിന്റെ രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എണ്ണക്കുരു വിളകളുടെ ഉൽപാദനത്തിൽ വിളവ് മികച്ചതാക്കാൻ സംയോജിത വിള പരിപാലനം നാം പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, കർണാടകയിലെ ഫാം സർവകലാശാലകൾ, മുംബൈയിലെ നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ്, നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റി, കൃഷി - കർഷക ക്ഷേമ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ സഹകരണത്തോടെ ധാർവാഡിലെ കാർഷിക ശാസ്ത്ര സർവകലാശാലയിലെ പരിശീലന കർഷക ക്ഷേമ ഗവേഷണ ഡയറക്ടർ ഡോ. എസ്.വി. പാട്ടീലാണ് സെമിനാർ സംഘടിപ്പിച്ചത്.
Share your comments