വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിഞ്ഞതിൽ കേരളം രാജ്യത്തിന് മാതൃകയായി തലയുയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോൾ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: കിലോയ്ക്ക് 1000 രൂപ, വിപണിയിൽ ഡിമാൻഡേറിയ ഈ വിള അൽപം സ്ഥലമുള്ളിടത്തും വളർത്താം
പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്, പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്ത വില സൂചിക 3 ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15.8 ശതമാനമാണ് ഇപ്പോഴത്തെ മൊത്ത വിലസൂചിക. ഭക്ഷ്യ വിലസൂചിക 17 മാസത്തെ ഉയർന്ന നിലയിലാണ്.
21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണു ധാന്യവില. ദേശീയ സാഹചര്യം ഇതായിരിക്കെ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നതു പ്രധാന കർത്തവ്യമായികണ്ടുള്ള വലിയ ഇടപെടൽ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമാണ്.
2016 മുതലുള്ള ആറു വർഷത്തിനിടെ സപ്ലൈകോ വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങൾക്കു വില വർധിപ്പിച്ചിട്ടില്ല. 2016 മേയിലെ അതേ വിലയ്ക്കാണ് ഇപ്പോഴും നൽകുന്നത്. വിശേഷ അവസരങ്ങളിൽ പൊതുവിപണികളിലൂടെ സബ്സിഡി നൽകി സാധനങ്ങൾ ജനങ്ങളിലെത്തിക്കുന്നുണ്ട്.
പൊതുവിതരണ രംഗത്തെ ശക്തിപ്പെടുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2016ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി രാജ്യത്താകെയുള്ള റേഷൻ സംവിധാനം മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.
ഇതുപ്രകാരം സംസ്ഥാനത്തെ 43 ശതമാനം ജനങ്ങൾക്കു മാത്രമാണു റേഷന് അർഹതയുള്ളവരായി കണ്ടിട്ടുള്ളത്. കേരളത്തിൽ 1,54,8040 പേർ മാത്രമാണു നിലവിൽ ഈ റേഷൻ സമ്പ്രദായത്തിനു കീഴിൽ വരുന്നത്. കേന്ദ്ര സർക്കാർ ടൈഡ് ഓവർ വിഹിതമായി നൽകുന്നതിൽനിന്നാണു നിലവിലെ ഘടനയിൽ റേഷൻ സമ്പ്രദായത്തിനു പുറത്തായ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്കു സംസ്ഥാന സർക്കാർ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്.
എല്ലാ ജനങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നയത്തിന്റ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി കേരളത്തിനുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നു സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു നൽകിവരുന്ന 6459 മെട്രിക് ടൺ ഗോതമ്പ് നിർത്തലാക്കി.
മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട 50 ലക്ഷം കാർഡ് ഉടമകൾക്ക് ഇതുമൂലം റേഷൻ കടകളിൽനിന്നു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ്. ഗോതമ്പ് വിഹിതം നിർത്തലാക്കുന്നതിനു മുൻപുതന്നെ 2022-23 വർഷത്തെ ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനത്തിന്റെ കുറവു വരുത്തി.
ബന്ധപ്പെട്ട വാർത്തകൾ: വഴുതനങ്ങ കൃഷിയിൽ ഇരട്ടി വിളവിന് 5 നാട്ടറിവുകൾ
2016നു ശേഷം അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ 50 ശതമാനത്തിന്റെ കുറവ് ഇതുവരെ വരുത്തിയിട്ടുണ്ട്.
പൊതുസംവിധാനങ്ങളിൽനിന്നു പിൻവാങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണിത്. ഇതിനുള്ള ബദലാണു കേരളത്തിലെ സർക്കാർ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിപണി ഇടപെടൽ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും.
കഴിഞ്ഞ രണ്ടു വർഷംകൊണ്ട് 9,702 കോടി രൂപ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ചെലവഴിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ 5,210 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. 1,444 കോടി രൂപയ്ക്ക് സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് അരി വാങ്ങി.
നെല്ല് സംഭരണത്തിന് 1,604 കോടി രൂപ ചെലവാക്കി. ഉത്സവച്ചന്തകൾക്കായി 106 കോടി രൂപ നൽകി. തീരമൈത്രി സൂപ്പർമാർക്കറ്റുകൾക്കു 46 ലക്ഷം രൂപ നൽകി. 32 ഇനം ഭക്ഷ്യസാധനങ്ങൾ 20 മുതൽ 30 ശതമാനം വരെ സബ്സിഡിയിൽ 1623 സപ്ലൈകോ യൂണിറ്റുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. 1929 കൺസ്യൂമർഫെഡ് കോ-ഓപ്പറേറ്റിവ് സൊസൈറ്റികളാണു കോവിഡ് കാലത്തു സംസ്ഥാനത്തു പ്രവർത്തിച്ചത്. ജനകീയ ഹോട്ടലുകളും വില പിടിച്ചുനിർത്താൻ വലിയ സഹായം നൽകി. ഉത്പാദനം, സംഭരണം, വിതരണം തുടങ്ങി സമസ്ത മേഖലകളിലുമുള്ള കാര്യക്ഷമമായ ഇടപെടലാണു സർക്കാർ നടത്തുന്നത്.
കാർഷിക മേഖലയേയും സഹകരണ മേഖലയേയും സംയോജിപ്പിച്ച് കോ-ഓപ്പറേറ്റിവ് ഇനിഷ്യേറ്റിവ് ഇൻ ടെക്നോളജി ഡ്രിവൻ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 22 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ പൊതുവിതരണത്തിനായി 2063 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതി ആവിഷ്‌കരിക്കുമ്പോൾ അതിന്റെ ഗുണഫലം പരമാവധി മേഖലകൾക്ക് എങ്ങനെ ലഭ്യമാക്കാമെന്നാണു സർക്കാർ ചിന്തിക്കുന്നത്. അത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തിനാകെ പ്രയോജനപ്പെടുന്ന സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. വികസനം നാടാകെ ആഗ്രഹിക്കുന്നുണ്ട്. വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് ഒരു വിട്ടുവീഴ്ചയും സർക്കാർ കാണിക്കില്ല.
എന്നാൽ ഇത്തരം കാര്യങ്ങൾ സർക്കാർ പൂർത്തീകരിക്കരുതെന്നു ചിന്തിക്കുന്ന വളരെ ചെറിയ വിഭാഗം നാട്ടിലുണ്ട്. ചില നിക്ഷിപ്ത താത്പര്യമാണ് അതിനു പിന്നിൽ. അതുവച്ച് എങ്ങനെ ഉടക്കിടാൻ പറ്റുമെന്നാണു ശ്രമം. പക്ഷേ ഇത്തരം ഉടക്കുകൾ വികസനപ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ടകൊണ്ടുപോകുന്നതിനു തടസമാകില്ല.
25 വർഷംകൊണ്ടു ലോകത്തിലെ വികസിതരാഷ്ട്രങ്ങളുടെ കൂട്ടത്തിലുള്ള മധ്യവരുമാന രാഷ്ട്രങ്ങളുടെ തലത്തിലേക്കു കേരളത്തെ ഉയർത്തുകയെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 2,53,999 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 1,53,242 കാർഡുകൾ വിതരണം ചെയ്തിരുന്നു.
ഇതിനു പുറമേയാണ് 1,00,757 കാർഡുകൾ ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇതിൽ 680 എണ്ണം ഗുരുതര രോഗങ്ങളുള്ള അംഗങ്ങളുള്ള കുടുംബങ്ങൾക്കാണ്. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശംവച്ചിരുന്നവർക്ക് അവ തിരികെ ഏൽപ്പിക്കാൻ സർക്കാർ നൽകിയ അവസരം പ്രയോജനപ്പെടുത്തി 1,82,312 പേർ കാർഡുകൾ തിരികെ ഏൽപ്പിച്ചു. 2,14,274 പുതിയ റേഷൻ കാർഡുകൾ ഈ സർക്കാരിന്റെകാലത്തു നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Share your comments