നാടിന്റെ പ്രാദേശികമായ വ്യവസായ വികസനത്തിന് വേണ്ടി സംരംഭങ്ങൾക്ക് വായ്പ നല്കുന്നതിന് സഹകരണ മേഖലയിൽ പദ്ധതികൾ വരണം എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പൊയ്യ സഹകരണ സർവീസ് സഹകരണ ബാങ്കിന്റെ മഠത്തുംപടി ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്ന ഇടങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ സഹകരണ മേഖല അതിന്റെ വൈവിധ്യം കൊണ്ട് ലോകത്തിന് മാതൃകയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സഹകരണ സംഘങ്ങൾ സംഭാവന ചെയ്തു. സാധാരണക്കാർക്കായി മുറ്റത്തെ മുല്ല, വിദ്യാതരംഗിണി തുടങ്ങിയ പദ്ധതികൾ സഹകരണ മേഖല കൊണ്ട് വരികയുണ്ടായി. കർഷക മിത്ര പദ്ധതി വഴി കാർഷിക ഉപകരണങ്ങൾ നൽകാനും സുഭിക്ഷ കേരളം, വളം ഡിപ്പോ, കാർഷിക സേവനം ഇവ വഴി കൃഷിയുടെ പുനരുജ്ജീവനം സാധ്യമാക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു.
പ്രാദേശിക വ്യവസായ വികസനത്തിന് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. കൂടുതൽ ഉത്പാദനപരമായ മേഖലക്ക് പ്രാധാന്യം നൽകി സംരംഭങ്ങളെ സഹായിക്കാൻ സഹകരണ മേഖലക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസത്തിന് മേൽ പടുത്തുയർത്തിയത് ആണ് സഹകരണ സ്ഥാപനങ്ങൾ. കേരളം പ്രതിസന്ധി നേരിട്ട കോവിഡ് കാലത്തും പ്രളയത്തിലും അർത്ഥപൂർണ്ണമായ ഇടപെടൽ നൽകാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: 1.14 കോടി രൂപയുടെ വ്യാപാര കരാറുകൾ ഒപ്പുവെച്ച് കരപ്പുറം കാർഷിക ബിസിനസ് മീറ്റ്
ബാങ്ക് സെക്രട്ടറി എ ഇ ഷൈമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി. ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ആദ്യ സ്ഥിര നിക്ഷേപ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ആദ്യ വായ്പ വിതരണം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അദ്യ സേവിംഗ്സ് നിക്ഷേപ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ബിജുകുമാർ എന്നിവർ നിർവഹിച്ചു.
സഹകരണ സംഘം ജോയിൻ രജിസ്ട്രാർ എം ശബരിദാസൻ മുഖ്യാഥിതിയായി. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡൊമിനിക് ജോൺ, ബ്ലോക്ക് അംഗം രേഖ ഷാന്റി, വാർഡ് മെമ്പർ ജോളി സജീവൻ, കെ. കെ.സത്യഭാമ, വി. എം.വത്സൻ, എ. വി.സജീവൻ, ടി. എ.ഉണ്ണികൃഷ്ണൻ, വി.എസ്.ലക്ഷ്മണൻ, സി. എൻ. സുധർജുനൻ, പി. എം. അയ്യപ്പൻ കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.ബാങ്ക് പ്രസിഡൻറ് സി എസ് രഘു സ്വാഗതവും ബോർഡ് അംഗം കെ പി ഹരി നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യക്കാരായ അധ്യാപകർക്ക് യുകെയിൽ തൊഴിലവസരം; പ്രതിവർഷം 27 ലക്ഷം രൂപ ശമ്പളം
Share your comments