തുടര്‍ച്ചയായി പെയ്ത മഴയും അതു കഴിഞ്ഞുണ്ടായ വെയിലും കൊക്കോ കര്‍ഷകരെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലയിടിവിനൊപ്പം കാലാവസ്ഥയും പ്രതികൂലമായപ്പോള്‍ കൊക്കോ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായ മഴയില്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്നതാണ് കൊക്കോ ചെടികളുടെ നാശത്തിന് കാരണമായത്. മേല്‍മണ്ണിലെ വെള്ളമിറങ്ങാതായതോടെ വെള്ളം കെട്ടിക്കിടന്ന് വേരുകള്‍ ചീഞ്ഞു. പിന്നീടെത്തിയ കനത്ത വെയിലില്‍ തണ്ട് ഉണങ്ങിക്കരിഞ്ഞു.ഇതോടെ വിളവെടുപ്പിന് പാകമായ കൊക്കോ കായ്കള്‍ ചെടിയില്‍ നിന്നു തന്നെ കരിയാന്‍ തുടങ്ങി.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി. മറ്റ് കൃഷിയിലുണ്ടാകുന്ന നഷ്ടങ്ങളിൽ കർഷകർക്ക് കൈത്താങ്ങായി നിന്നത് നല്ല വിളവും വിലയും ലഭിച്ചിരുന്ന കൊക്കോ കൃഷിയായിരുന്നു.ഉൽപാദനം ഏറ്റവും ഉയർന്ന് നിൽക്കേണ്ട സമയത്താണ‌് ഈ അവസ്ഥ. കാലാവസ്ഥ വ്യതിയാനം മൂലം വർഷത്തിൽ 25 ശതമാനംവരെ കൊക്കോയുടെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഇത്തവണ മഴ പൂർണമായി കവർന്നു.
ഏക്കറുകണക്കിന് തോട്ടങ്ങളിലെ കൊക്കോയാണ് ഇപ്പോള്‍ ചീഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്. ചെടികള്‍ ഉണങ്ങി നിലംപതിക്കുന്ന കാഴ്ചയാണിപ്പോള്‍ തോട്ടങ്ങളില്‍ കാണുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വിളവ് നല്‍കുന്ന കൊക്കോ, വവ്വാല്‍, കുരങ്ങ്, മാന്‍ എന്നിവയില്‍നിന്ന് സംരക്ഷിച്ച് പോന്ന കര്‍ഷകരിപ്പോള്‍ ഇതിനായി ചെലവാക്കിയ പണംപോലും ലഭിക്കാത്ത അവസ്ഥയിലാണ്.
കൊക്കോ കുരുവിന് കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 250 രൂപയായിതുന്നെങ്കില്‍ ഇത്തവണ വെറും 170 രൂപ മാത്രമാണ് വില. തൊണ്ട് പൊളിച്ചതിന് 40 രൂപയും തൊണ്ടടക്കം 11 രൂപയുമായി ഇത്തവണ കൊക്കോയുടെ വിലയില്‍ ഇടിവ് വന്നതായി കര്‍ഷകര്‍ പറയുന്നു. തൊണ്ട് പൊളിച്ച് ഉണക്കി കുരുവാക്കുന്ന ചെലവ് താങ്ങാനാവാത്തവര്‍ തൊണ്ടോടെ തന്നെ വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കൊക്കോ കരിഞ്ഞ് ചീഞ്ഞതിനാല്‍ ഇതൊന്നും പറ്റാത്ത സ്ഥിതിയാണ്. കൊക്കോ കൃഷിചെയ്യുന്നത് വര്‍ഷത്തില്‍ രണ്ടുതവണ വളപ്രയോഗം നടത്തിയാണ്. വര്‍ഷത്തില്‍ മിക്ക സീസണിലും വിളവ് നല്‍കുമെന്നതാണ് കര്‍ഷകരെ കൊക്കോയിലേക്ക് ആകര്‍ഷിച്ചിരുന്നത്.
Share your comments