അടുത്ത പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ നാളികേര കൃഷി 9.5 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. നാളികേര കൃഷി വിസ്തൃതി ഓരോവര്‍ഷവും കുറഞ്ഞുവരുന്നത് പരിഹരിക്കുന്നതിനാണ് നാളികേര വികസന കൗണ്‍സില്‍ പത്തുവര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നത്. എല്ലാ വാര്‍ഡുകളിലും 75 പുതിയ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. കേരകൃഷിയുള്ള ആറു ജില്ലകളിലാണ് ഇപ്പോള്‍ കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇവ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. നാളികേര വികസന കൗണ്‍സിലിന്റെ പ്രവര്‍ത്തനം വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും. പച്ചതേങ്ങയുടെ വില കിലോക്ക് 25 രൂപയില്‍ താഴുന്ന ഘട്ടങ്ങളില്‍ താങ്ങുവില ഏര്‍പ്പടുത്തി കേരഫഡിന് കീഴിലുള്ള 900 സൊസൈറ്റികളും, കൃഷി ഓഫീസുകളും വഴി സംഭരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡരി രോഗത്തെ പ്രതിരോധിക്കുന്ന തെങ്ങുകളുടെ വിത്തുകള്‍ സംഭരിച്ച് കൃഷി വ്യാപിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് കൃഷിചെയ്യാവുന്ന പുതിയ വിളകള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനം നടത്തുമെന്നും കൃഷിമന്ത്രി നിയമസഭയെ അറിയച്ചു. 60-90 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ സംഭവിച്ച വിലയിടിവ് പരിഹരിക്കുന്നതിന് തനത് ഉത്പന്നങ്ങളെ പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
Share your comments