 
    തേങ്ങയുടെ വില ഇടിയുന്നു കര്ഷകരെ ആശങ്കയിലാഴ്ത്തി നാളികേരത്തിൻ്റെ വില കുത്തനെ ഇടിയുന്നു. പച്ചത്തേങ്ങ കിലോയ്ക്ക് 45 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 29 മുതൽ 31 രൂപ വരെയാണ് ലഭിക്കുന്നത്. കച്ചവടക്കാർ അതും എടുക്കാൻ തയ്യാറാകുന്നില്ല. ഉത്പാദനത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുമില്ല. അഞ്ചുവർഷം മുൻപുണ്ടായിരുന്ന വിലയിലാണ് ഇപ്പോഴെത്തി നിൽക്കുന്നത്. 
വൻകിട കമ്പനികൾ ഇറക്കുമതി വർധിപ്പിച്ചതാണ് വിലയിടിവിന് പ്രധാന കാരണമായി പറയുന്നത്. ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ഇറക്കുമതി. വൻകിടക്കാർ നാളികേരം വാങ്ങൽ നിർത്തുന്നതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാകും. ഇതോടെ പ്രാദേശിക കച്ചവടക്കാരും വില കുറയ്ക്കും.കേരഫെഡ് കൃഷിഭവനുകൾ വഴി ശേഖരിച്ചിരുന്ന തേങ്ങയ്ക്ക് കിലോക്ക് 25 മുതൽ 30 രൂപ വരെ സർക്കാർ നൽകിയിരുന്നു. അന്ന് 15 മുതൽ 20 രൂപ വരെയാണ് കർഷകന് വിപണിയിൽനിന്ന് ലഭിച്ചിരുന്നത്. സംഭരണത്തിന്റെ തുടക്കത്തിൽ ഒരാഴ്ചക്കുള്ളിൽ പണം നൽകിയിരുന്നു. പിന്നീട് ആറു മാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയിലെത്തി. ഇതോടെ കർഷകർ സ്വകാര്യ കച്ചവടക്കാരിലേക്ക് തിരിഞ്ഞു. 
കൃഷി ഭവനുകളിൽ നാളികേരം എത്താതായതോടെ സർക്കാർ സംഭരണം പൂർണമായും നിർത്തിവെച്ചു. സഹകരണ സംഘങ്ങൾ വഴി നാളികേരം സംഭരിക്കാനൾ പ്രാഥമിക പ്രവർത്തനങ്ങൾആരംഭിച്ചിരുന്നു. പൊതുമാർക്കറ്റിൽ ന്യായവില ലഭിക്കാൻ തുടങ്ങിയതോടെ ഇതെല്ലാം നിർത്തിവെക്കുകയായിരുന്നു. ഒരു തെങ്ങ് കയറാൻ അമ്പതു രൂപയാണ് ചെലവ്. കാലാവസ്ഥയിലുണ്ടായ മാറ്റവും ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു തെങ്ങിൽനിന്ന് ശരാശരി ഉത്പാദനം 70 തേങ്ങ എന്നാണ് കൃഷിവകുപ്പിൻ്റെ കണക്ക്.
എന്നാൽ, 40 മുതൽ 50 വരെ എണ്ണമാണ് ശരാശരി ലഭിക്കുന്നത്. കാലവർഷം തുടങ്ങുന്നതോടെ തെങ്ങിന് തടമെടുക്കൽ, വളംചെയ്യൽ ഉൾപ്പെടെയുള്ളവ നടത്തേണ്ടതുണ്ട്. ജൈവവളത്തിന്റെ ലഭ്യതക്കുറവും മറ്റ് വളങ്ങളുടെ വിലവർധനയും മണ്ണിലെ മൂലകങ്ങളുടെ കുറവ് ഉത്പാദനക്ഷമതയെ ബാധിക്കുന്നുണ്ട്. ശാസ്ത്രീയമായ മണ്ണുപരിശോധന നടത്തി വളം ചേർത്താൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. തെങ്ങിൽനിന്ന് ലഭിക്കുന്ന ഉപോത്പന്നങ്ങളായ ചകിരിക്കും ഓലയ്ക്കും ഇപ്പോൾ ആവശ്യക്കാർ കുറവാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments