1. News

പൂകൃഷി കേരളത്തിലും സാധ്യമോ ?

പൂകൃഷി വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിലും സാധ്യമോ എന്ന വിഷയത്തില്‍ വൈഗ 2020 ല്‍ വിപുലമായ ചര്‍ച്ച നടന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഫ്‌ളോറികള്‍ച്ചര്‍ വിഭാഗം മേധാവി ഡോക്ടര്‍ യു.ശ്രീലത അധ്യക്ഷയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ യു.കവിത ഉപാധ്യക്ഷയുമായി നടന്ന ചര്‍ച്ചയില്‍ പൂനെയിലെ കെഎഫ് ബയോപ്ലാന്റ്‌സ് സീനിയര്‍ മാനേജര്‍ അഷിഷ് ഫദ്‌കെ,കേരള കാര്‍ഷിക സര്‍വ്വകലാശാല കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിലെ അഗ്രികള്‍ച്ചര്‍ ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോക്ടര്‍.എ.പ്രേമ, മലപ്പുറത്തെ പൂകൃഷിക്കാരനും കയറ്റുമതിക്കാരനുമായ ഇ.കെ.ഷാജിമോന്‍,തിരുവനന്തപുരത്തു നിന്നുളള ഫ്‌ളോറികള്‍ച്ചറിസ്റ്റ് വിനു കാര്‍ത്തികേയന്‍,കാന്തല്ലൂരിലെ ഫ്‌ളോറികള്‍ച്ചറിസ്റ്റ് സോജന്‍ വളളമറ്റം എന്നിവര്‍ പങ്കെടുത്തു.

Ajith Kumar V R

പൂകൃഷി വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിലും സാധ്യമോ എന്ന വിഷയത്തില്‍ വൈഗ 2020 ല്‍ വിപുലമായ ചര്‍ച്ച നടന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഫ്‌ളോറികള്‍ച്ചര്‍ വിഭാഗം മേധാവി ഡോക്ടര്‍ യു.ശ്രീലത അധ്യക്ഷയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ യു.കവിത ഉപാധ്യക്ഷയുമായി നടന്ന ചര്‍ച്ചയില്‍ പൂനെയിലെ കെഎഫ് ബയോപ്ലാന്റ്‌സ് സീനിയര്‍ മാനേജര്‍ അഷിഷ് ഫദ്‌കെ,കേരള കാര്‍ഷിക സര്‍വ്വകലാശാല കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിലെ അഗ്രികള്‍ച്ചര്‍ ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോക്ടര്‍.എ.പ്രേമ, മലപ്പുറത്തെ പൂകൃഷിക്കാരനും കയറ്റുമതിക്കാരനുമായ ഇ.കെ.ഷാജിമോന്‍,തിരുവനന്തപുരത്തു നിന്നുളള ഫ്‌ളോറികള്‍ച്ചറിസ്റ്റ് വിനു കാര്‍ത്തികേയന്‍,കാന്തല്ലൂരിലെ ഫ്‌ളോറികള്‍ച്ചറിസ്റ്റ് സോജന്‍ വളളമറ്റം എന്നിവര്‍ പങ്കെടുത്തു.

 

ഇന്ത്യയിലെ മികച്ച പ്ലാന്റ് ബയോടെക് കമ്പനിയാണ് കെഎഫ് ബയോപ്ലാന്റ്‌സ്. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ചതുരശ്ര അടി വരുന്ന പരീക്ഷണശാലയാണ് അവര്‍ക്ക് പൂനയിലുള്ളത്. ഒരേ സമയം 20 ദശലക്ഷം ചെടികള്‍ സൂക്ഷിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആറര ഹെക്ടര്‍ വരുന്ന ഗ്രീന്‍ ഹൗസും മികച്ച സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുമുള്ള കമ്പനി ഒരു ഇന്‍ഡോ-ഡച്ച് കൂട്ടായ്മ കൂടിയാണ്.ഹോളണ്ടിന് പുറമെ ഇസ്രായേല്‍, ഇറ്റലി,ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ കമ്പനികളുമായും അസോസിയേഷനുണ്ട്. ടിഷ്യൂ കള്‍ച്ചര്‍ ഉത്പ്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന് പുറമെ 30 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്. ജര്‍ബറ,കാര്‍നേഷന്‍,ഫലനോപ്‌സിസ്,ഡെന്‍ഡ്രോബിയം,ജിപ്‌സോഫില,കല്ലാ ലില്ലി,റോസ്,ലിമോണിയം എന്നീ പൂക്കളും സ്ട്രാബറിയുമാണ് പ്രധാനമായും ഉതപ്പാദിപ്പിക്കുന്നത്. ഒരു വര്‍ഷം 60 ദശലക്ഷം ചെടികളാണ് പൂനെയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് കെഎഫാണെന്ന അവര്‍ അവകാശപ്പെടുന്നു.

 

ഫ്‌ളോറികള്‍ച്ചര്‍ വേഗത്തില്‍ വളരുന്ന ഒരു വാണിജ്യമേഖലയാണ്. 2018 ല്‍ 157 ബില്യണ്‍ രൂപയാണ് ഇന്ത്യയിലെ ബിസിനസ്. ഇത് 2024 ല്‍ 472 ബില്യണാകുമെന്നാണ് പ്രതീക്ഷ. ഗ്രാമങ്ങള്‍ ഠൗണുകളും ഠൗണുകള്‍ പട്ടണങ്ങളും പട്ടണങ്ങള്‍ മെട്രോകളുമായി വികസിക്കുന്നതോടെ ആഘോഷങ്ങള്‍ക്കും സ്‌നേഹം പങ്കുവയ്ക്കാനുമെല്ലാം ആളുകള്‍ പൂക്കളെ ആശ്രയിക്കുന്നു. പണ്ട് പാശ്ചാത്യ സംസ്‌ക്കാരമെന്നു പറഞ്ഞിരുന്നത് ഇന്ന് ഇന്ത്യയുടെയും ഭാഗമായിരിക്കുന്നു. തമിഴ്‌നാടാണ് പൂകൃഷിയില്‍ ഒന്നാമത്. കേരളത്തിന്റെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പമാണ് പൂകൃഷിക്ക് ഭീഷണി. നല്ല ജലവും മണ്ണും ഉണ്ടെങ്കിലും കാലാവസ്ഥ ഗുണകരമല്ല. ഇടുക്കിയും വയനാടുമാണ് കുറച്ചെങ്കിലും ഗുണകരമായ ഇടം. അവിടെ താത്പര്യമുള്ളവര്‍ക്ക് അഷിഷിനെ ബന്ധപ്പെടാവുന്നതാണ്. കെഎഫ് എല്ലാ സൗകര്യങ്ങളും പരിശീലനവും നല്‍കും. ഗ്രീന്‍ഹൗസ് ഉള്‍പ്പെടെ ഇനിഷ്യല്‍ ചിലവ് വളരെ കൂടുതലാണ് എന്നതും ഒരു വെല്ലുവിളിയാണ്.

കാന്തല്ലൂരിലെ കാലാവസ്ഥ 10-13 ഡിഗ്രിയാണ്. ഇത് ജര്‍ബറയ്ക്ക് അനുകൂല കാലാവസ്ഥയാണ്. തണുപ്പും സൂര്യപ്രകാശവുമാണ് ഇതിനാവശ്യം. 1996 ല്‍ 3 പോളിഹൗസുണ്ടാക്കി ജര്‍ബറയും ഗാര്‍നെറ്റും റോസും കൃഷി ചെയ്താണ് സോജന്റെ തുടക്കം. ആദ്യ പോളിഹൗസ് കുഴപ്പമില്ലാതെ പോയി. മറ്റ്് രണ്ടും വേണ്ടത്ര പരിചയമില്ലാത്ത ആള്‍ തയ്യാറാക്കിയതായിരുന്നു. അതൊരു കാറ്റില്‍ നശിച്ചു. എങ്കിലും പിടിച്ചുനിന്നു. പൂവെടുക്കാന്‍ ആളില്ലാതിരുന്നതിനാല്‍ പൂക്കടയും തുടങ്ങി. 2012 ല്‍ 2000 ചതുരശ്ര അടി വീതമുള്ള 5 പോളിഹൗസുണ്ടാക്കി. ആദ്യം കാര്‍നേഷനായിരുന്നു. പിന്നീട് ജര്‍ബറയിലേക്ക് മാറി. പൂവിന്റെ ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ വില തന്നെയാണ് . സീസണില്‍ നല്ല വില കിട്ടും. ചിലപ്പോള്‍ വിറ്റാല്‍ നഷ്ടം വരുന്ന നിലയെത്തും. അപ്പോള്‍ വില്‍ക്കാന്‍ നില്‍ക്കാതെ കമ്പോസ്റ്റാക്കണം. ആവറേജ് വരുമ്പോള്‍ ലാഭമായിരിക്കും. ഉത്പ്പാദനച്ചിലവ് ഒന്നര രൂപ ആകുമ്പോള്‍ സീസണില്‍ 15 രൂപ വരെ കിട്ടും.കേരളത്തിലും തമിഴ്‌നാട്ടിലും ജര്‍ബറ,പ്രത്യേകിച്ചും ചുവന്നതിന് നല്ല ഡിമാന്‍ഡാണ്. തൃശൂരില്‍തന്നെ ദിവസം ഒരു ലക്ഷം പൂവൊക്കെ പോകും. കേരളത്തിന് അനുയോജ്യം ഹെലിപ്പോണിയവും ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെയാണ്. ഇടുക്കിയെ ഒരു ഫ്‌ളവര്‍ ഹബ്ബാക്കി മാറ്റാന്‍ കഴിയും. ബാങ്ക് ലോണും സബ്‌സിഡിയും നോക്കി ഇറങ്ങരുത്. പല നൂലാമാലകളും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും സംശയവുമൊക്കെ കഴിയുമ്പോഴേക്കും എല്ലാം നശിക്കും. നാഷണല്‍ ഹോര്‍ട്ടികല്‍ച്ചര്‍ മിഷന്‍ നല്‍കുന്ന സബ്‌സിഡി പിടിച്ചു വയ്ക്കുന്ന അവസ്ഥയൊക്കെയുണ്ട്. ഇത് അപകടകരമാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കോള്‍ഡ് സ്്‌റ്റോറേജ് സബ്‌സിഡി കൂടുതലും കൊണ്ടുപോകുന്നത് റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകളാണ്, സോജന്‍ പറഞ്ഞു

 

പുത്തന്‍തോപ്പ് എന്ന പൊതുവെ വരണ്ടതും മണല്‍ നിറഞ്ഞതുമായ പ്രദേശത്ത് പൂകൃഷി ചെയ്യുന്ന വിനു കാര്‍ത്തികേയന്റെ അനുഭവം മറ്റൊന്നാണ്. 1968 ല്‍ അച്ഛന്‍ വാങ്ങിയ പത്തേക്കറില്‍ തെങ്ങ് കൃഷിയായിരുന്നു ഉണ്ടായിരുന്നത്. അതിന് ഇടവിളയായി കപ്പലണ്ടിയും തണ്ണിമത്തനും വാഴയുമൊക്കെ കൃഷി ചെയ്തു. 1984 ലാണ് ഓര്‍ക്കിഡ് പരീക്ഷണം നടത്തിയത്. 89-90 കളില്‍ പൂക്കള്‍ വന്നു. ബോംബെയിലേക്കാണ് പൂക്കള്‍ അയച്ചുതുടങ്ങിയത്. 94 ലാണ് എക്‌പോര്‍ട്ടറാകണമെന്ന മോഹമുദിച്ചത്. 95 ല്‍ ഷാര്‍ജയിലേക്ക് പൂക്കളയച്ചുതുടങ്ങി.എന്നാല്‍ പേയ്‌മെന്റ് കൃത്യമായി കിട്ടാതായതോടെ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വന്നു. പിന്നീട് തായ്‌ലന്റ് ,സിംഗപ്പൂര്‍ മലേഷ്യ ഒക്കെപോയി വന്ന ശേഷം 60 ഇനം ഹെലിക്കോണിയകളുടെ കൃഷി ആരംഭിച്ചു. 2007 ല്‍ വീണ്ടംു ഒരു യാത്ര. 70 ഇനം തൈകള്‍കൊണ്ടുവന്നു. ഇപ്പോല്‍ അന്‍പതിനായിരം ചെടികളുണ്ട്. ഒരു കണ്‍സൈന്‍മെന്റിലും പരാതി വരാത്തവിധം ശ്രദ്ധയോടെയാണ് ഈ രംഗത്ത് നില്‍ക്കുന്നതെന്ന് വിനു പറഞ്ഞു. പൂകൃഷി തുടങ്ങാന്‍ താത്പ്പര്യമുളളവര്‍ ആദ്യം ഫാം കാണണം. എന്നിട്ട്, വേണം തുടങ്ങാന്‍. കൂടിയ വേസ് ലൈഫുള്ളതും നല്ല നിറമുളളതുമായ പൂക്കള്‍ക്ക് പ്രാധാന്യം കൊടുക്കണം. ധാരാളം ഓര്‍ക്കിഡ് വെറൈറ്റികളുള്ള സംസ്ഥാനമാണ് കേരളം. ഒരു കേരള സ്‌പെഷ്യല്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ നമുക്ക് കഴിയണം, വിനുവിന്റെ പ്രതീക്ഷകള്‍ ഇതൊക്കെയാണ്

 

മലപ്പുറംകാരന്‍ ഷാജിമോന് എക്‌സ്‌പോര്‍ട്ടര്‍ എന്നല്ല കര്‍ഷകന്‍ എന്നറിയപ്പെടാനാണ് ആഗ്രഹം. ഉത്പ്പന്നം വിറ്റഴിക്കാനുണ്ടായ ബുദ്ധിമുട്ടില്‍ നിന്നാണ് കയറ്റുമതിക്കാരനായത്. 22 വര്‍ഷമായി കര്‍ഷകരംഗത്തുണ്ട് ഷാജിമോന്‍. പൂകൃഷിയില്‍ നിന്നും കൂടുതല്‍ സാധ്യതകള്‍ മനസിലാക്കിയാണ് ഇലച്ചെടിയിലേക്ക് മാറിയത്. കര്‍ഷക സുഹൃത്തുക്കളെ ഒപ്പം കൂട്ടി നൂറേക്കറില്‍ കൃഷി ചെയ്യുന്നു. 200 കര്‍ഷകരുടെ സഹകരണവും ലഭിക്കുന്നുണ്ട്. ഒരു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയാകാനുളള ശ്രമത്തിലാണിപ്പോള്‍. 150 ടണ്‍ കപ്പാസിറ്റിയുളള കോള്‍ഡ് സ്‌റ്റോറേജുണ്ട് അവര്‍ക്ക്. പ്രീ കൂളിംഗ് യൂണിറ്റുമുണ്ട്. 100 ടണ്‍ പച്ചക്കറിയും എക്‌സ്‌പോര്‍ട്ട് ചെയ്യുന്നുണ്ട്. എട്ടുകോടിയാണ് മുതല്‍മുടക്ക്. അഞ്ചുകോടി വായ്പയും 3 കോടി ആസ്ഥിയും. ഫ്‌ളോറി വില്ലേജ് എന്നൊരു കണ്‍സപ്റ്റ് വികസിച്ചുവരുന്നുണ്ട്. കൃത്യമായ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാകണം അതിന്റെ തലപ്പത്ത്. അല്ലെങ്കില്‍ ഗുണം ചെയ്യില്ല. മലപ്പുറത്ത് ഞങ്ങള്‍ കൃഷി ചെയ്യുന്നതെങ്ങിനെ എന്ന് കണ്ട് മനസിലാക്കണം. പദ്ധതികള്‍ ശ്രദ്ധയോടെ നടപ്പാക്കണം. മലപ്പുറത്ത് സര്‍ക്കാര്‍ സബ്‌സിഡിയോടെ 52 ഗ്രീന്‍ഹൗസുകളുണ്ടാക്കി. ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ മാത്രം. കോടിക്കണക്കിന് രൂപയാണ് നഷ്ടം. കൃത്യമായി ആവശ്യക്കാര്‍ക്ക് മാത്രമായി എല്ലാം നിജപ്പെടുത്തണം. ഉദ്യോഗസ്ഥന്മാരുടെയും സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെയും കര്‍ഷകരുടെയും പരമ്പരാഗത സമീപനം മാറണം. ഒരു പത്തുവര്‍ഷം നീളുന്ന ആക്ഷന്‍ പ്ലാന്‍ വേണം. അല്ലെങ്കില്‍ എല്ലാ പദ്ധതികളും താത്ക്കാലികമായിപ്പോകും. ഒരു മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ ഫാം നിര്‍മ്മിക്കണം. പൂക്കള്‍ മുറിക്കുന്നതും പായ്ക്ക് ചെയ്യുന്നതും ഒക്കെ പഠിപ്പിക്കണം.

 

കേരളം നാടന്‍ പൂക്കളുടെ ഒരുമികച്ച പൂവിപണിയല്ല. ഇവിടെ മുല്ലപ്പൂവിനുപോലും ശക്തമായ വിപണിയില്ല. സത്യമംഗലത്ത് മുല്ലപ്പൂ കൃഷി ചെയ്യുന്നത് 5000 പേരുടെ അസോസിയേഷനാണ്. ലേലകേന്ദ്രവുമുണ്ട്. അതുപോലെ സംവിധാനങ്ങളില്ലാതെ നമുക്ക് പൂകൃഷിയിലേക്ക് പോകാന്‍ കഴിയില്ല. ഫ്‌ളോറികള്‍ച്ചറിന് പ്രത്യേക ഡിവിഷനെങ്കിലും വകുപ്പില്‍ വേണ്ടതാണ്. ഹോളണ്ടിലെ മാര്‍ക്കറ്റിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും പൂ എത്തിക്കുക എന്നതാണ് ഷാജിമോന്റെ സ്വപ്‌നം.

വാണിജ്യ നഴ്‌സറികളെക്കുറിച്ച് പഠനം നടത്തിയ ഡോക്ടര്‍ പ്രേമ കേരളത്തിലെ നഴ്‌സറികളെ മൊത്തമായി പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് ആമുഖമായി പറഞ്ഞു. മണ്ണുത്തി പരിസരപ്രദേശത്തെ നഴ്‌സറികളെ അടിസ്ഥാനമാക്കിയുള്ള അവരുടെ പഠനം ഇങ്ങിനെ വിലയിരുത്താം. പുഷ്പങ്ങള്‍ക്കായുള്ള ചെടികളും തോട്ടവിളകളുടെ തൈകളും പച്ചക്കറിതൈകളും ചേര്‍ന്ന സമ്മിശ്ര നഴ്‌സറികളാണ് മണ്ണുത്തിയില്‍ പൊതുവെ ഉള്ളത്. ഒരേക്കറില്‍ താഴെയുളള നഴ്‌സറികളാണ് അധികവും. പ്രാദേശികമായി ആ പ്രദേശത്തെ ആളുകള്‍ക്ക് തൊഴില്‍ കിട്ടുന്ന ലൈവ്‌ലിഹുഡ് ബിസിനസായിരുന്നു നഴ്‌സറികള്‍. എന്നാല്‍ ഇപ്പോള്‍ മറുനാട്ടുകാരാണ് ജോലിക്കാരില്‍ അധികവും. ചിതറികിടക്കുന്ന നഴ്‌സറികളുടെ പൊതുവേദിയായി ഒരു അഗ്രി ഹോര്‍ട്ടി നഴ്‌സറി അസോസിയേഷനുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയുമായുളള അടുപ്പവും ധാരാളം വെളളം കിട്ടുന്ന ഇടം എന്ന പ്രത്യേകതയും കൊണ്ടാകാം മണ്ണുത്തിയില്‍ ഇത്രയേറെ നഴ്‌സറികളുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ സീഡ് ആക്ട് പ്രകാരം നഴ്‌സറികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ബിഎസ്സി ബോട്ടണി അല്ലെങ്കില്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍ പാസായ ആളിനെ ലൈസന്‍സ് ലഭിക്കൂ. പഞ്ചായത്തില്‍ ലൈസന്‍സിന് കുറഞ്ഞത് 50 സെന്റും പട്ടണത്തില്‍ 15 സെന്റും സ്ഥലം വേണം. എന്നാല്‍ ഈ നിയമം കര്‍ക്കശമായി നടപ്പിലാക്കിയിട്ടില്ല. 11-12 ലക്ഷം തൊഴിലവസരമൂല്യം നഴ്‌സറികള്‍ക്ക്് കണക്കാക്കുന്നു. പ്ലാന്റിംഗ് മറ്റീരിയല്‍, ലേബര്‍,പോട്ടിംഗ് മിക്‌സ്ചര്‍,വളം,കവര്‍, ചട്ടി എന്നിവയാണ് പ്രധാന ചിലവിനങ്ങള്‍. കാലാവസ്ഥ, നഴ്‌സറികല്‍ തമ്മിലുള്ള മത്സരം, രോഗം, കീടബാധ,ജോലിക്ക് മതിയായ ആളിനെ കിട്ടായ്മ എന്നിവയാണ് ഈ രംഗം നേരിടുന്ന വെല്ലുവിളികള്‍. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് നാട്ടിലെ നഴ്‌സറി ബസിനസ് മുന്നോട്ടുപോകുന്നത്.

ആഷിഷ് ഫദ്‌കെ - നമ്പര്‍- 9227733911
ഡോക്ടര്‍ പ്രേമ--- നമ്പര്‍- 9446319848
ഷാജി --------- നമ്പര്‍-- 9447417178
ബിനു --------- നമ്പര്‍- -9447075088
സോജന്‍ ------- നമ്പര്‍-- 9447039409

 

English Summary: Commercial possibilities of floriculture in kerala

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds