ഇന്ത്യയിലെ 41 കേന്ദ്ര സർവകലാശാലകളിലേക്ക് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. ഡൽഹി, പോണ്ടിച്ചേരി, ഹൈദരാബാദ് ഉൾപ്പെടെ 41 കേന്ദ്ര സർവകലാശാലകളിലെ അഡ്മിഷനായി ഇനിമുതൽ പൊതുപ്രവേശന പരീക്ഷ വരുന്നതായാണ് പുതിയ അറിയിപ്പ്.
ബിരുദ, പിജി പ്രവേശനത്തിനുമാണ് പൊതുപ്രവേശന പരീക്ഷ വരുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാല ജെഎൻയു, പോണ്ടിച്ചേരി, ഹൈദരാബാദ് തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ നിലവിൽ സ്വന്തം നിലയിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. പുതിയ നിയമത്തിലൂടെ ഇവയെല്ലാം ഏകീകരിച്ചുകൊണ്ട് പ്രവേശന പരീക്ഷ സംഘടിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഇതു സംബന്ധിച്ച് യുജിസി വിദഗ്ധ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിന്റെ വിശദാംശങ്ങൾ അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നുമാണ് സൂചന.
കാസർകോട് പെരിയ, തമിഴ്നാട് തിരുവാരൂർ, രാജസ്ഥാനിലെ കേന്ദ്ര സർവകലാശാല ഉൾപ്പെടെയുള്ള 12 കേന്ദ്ര സർവകലാശാലകളിലേക്ക് നിലവിൽ പൊതുപ്രവേശന പരീക്ഷ (സിയുസിഇടി)യിലൂടെയാണ് അഡ്മിഷൻ നടത്തുന്നത്.
എന്നാൽ, ഡൽഹി, പോണ്ടിച്ചേരി പോലുള്ള സർവകലാശാലകൾ ഇതിന്റെ ഭാഗമല്ല. അതിനാൽ തന്നെ 'ഒറ്റ രാഷ്ട്രം, ഒറ്റ പരീക്ഷ' എന്ന ആശയത്തിലൂന്നിയാണ് പൊതു പ്രവേശന പരീക്ഷ സംഘടിപ്പിക്കാനമെന്ന തീരുമാനത്തിൽ എത്തിയത്.
സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനം
യുജി കോഴ്സുകളിലേക്ക് പന്ത്രണ്ടാം ക്ലാസിലെ മാർക്കും പൊതുപ്രവേശന പരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് പ്രവേശനത്തിനുള്ള യോഗ്യത നിശ്ചയിക്കുന്നത്. ബിരുദാനന്തര ബിരുദം കോഴ്സുകളിലെ അഡ്മിഷൻ യുജി മാർക്കും പ്രവേശന പരീക്ഷയിലെ മാർക്കും അടിസ്ഥാനമാക്കുന്നു.
സിയുസിഇടിയുടെ 3 മണിക്കൂർ നീണ്ട പരീക്ഷയിൽ സബ്ജക്ട് പേപ്പറിനും കോമൺ പേപ്പറിനും വെവ്വേറെ ചോദ്യപേപ്പറുകളാണ് ഉള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തിവരുന്നത്.
ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ
കേന്ദ്ര സർവകലാശാല നിയമം, 2009 പ്രകാരം ഇന്ത്യയിൽ ആകെ 54 സർവകലാശാലകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർവകലാശാലകളുണ്ട്. കൂടാതെ, കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി/ പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിലും കേന്ദ്ര സർവകലാശാലകളുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റി, ജെഎൻയു ഉൾപ്പെടെ ഏഴ് കേന്ദ്ര സർവകലാശാലകളുള്ള ഡൽഹിയിലാണ് ഏറ്റവും കൂടുതൽ സർവകലാശാലകൾ ഉള്ളത്.
ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു- കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാന്റ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ് നാട്, തെലങ്കാന, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്ര സർവകലാശാലകൾ ഉള്ളത്.
ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് ഡൽഹിയിലെ ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി, യുപിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവയാണ്.
Share your comments