1. കേന്ദ്രസർക്കാരിന്റെ ഭാരത് അരിയ്ക്ക് ബദലായി കെ ബ്രാൻഡുമായി സംസ്ഥാന സർക്കാർ. ഭാരത് അരിയേക്കാൾ വിലക്കുറവിൽ കെ അരി വിതരണം ചെയ്യുന്ന സാധ്യത സംസ്ഥാനസർക്കാർ പരിശോധിക്കും. ആന്ധ്രയിൽ നിന്നും അരി ഇറക്കുമതി ചെയ്ത് 25 മുതൽ 27 രൂപ നിരക്കിൽ പൊതുവിതരണ സംവിധാനങ്ങൾ വഴി വിപണനം ചെയ്യാനാണ് നീക്കം. റേഷൻ കാർഡ് ഉടമകൾക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ കെ അരിയും, നീല-വെള്ള കാർഡുകാർക്ക് 10 കിലോ വീതം അരി ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. ചമ്പാവ്, ജയ, കുറുവ അരിയ്ക്ക് പുറമെ മട്ട അരിയും പരിഗണനയിലുണ്ട്. പദ്ധതി ശുപാർശ ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുക്കുക.
കൂടുതൽ വാർത്തകൾ: തെങ്ങുകയറാൻ ആളെ വേണോ? വിളിക്കാം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക്..
2. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍ നിന്നും കപ്പുതൈകള്‍ വിതരണം ചെയ്യുന്നു. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ RRII 105, 430, 414 എന്നിവയുടെ കപ്പുതൈകളാണ് നൽകുന്നത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോം റബ്ബര്‍ബോര്‍ഡിന്റെ ഓഫീസുകളിലും www.rubberboard.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായോ (04812576622), മുക്കട സെന്‍ട്രല്‍ നഴ്‌സറിയുമായോ (8848880279) ബന്ധപ്പെടാം.
3. ചെറുവണ്ണൂർ കൃഷിഭവനും കൂട്ട് അയൽപക്ക വേദിയും സംയുക്തമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്തെ 5 ഏക്കർ വയലിലാണ് കൃഷി ആരംഭിച്ചത്. വിത്തുനടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് നിർവഹിച്ചു. പാവൽ, വെള്ളരി, മത്തൻ, ഇളവൻ, പച്ചമുളക്, പടവലം, തണ്ണിമത്തൻ, ചീര, പയർ, വെണ്ട, കണിവെള്ളരി, മധുരക്കിഴങ്ങ്, തക്കാളി എന്നീ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പ്രവാസി കർഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തവും ജൈവകൃഷിയ്ക്കുണ്ട്. ചാണകപ്പൊടിയും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും കൂട്ടിയെടുത്ത് അടിവളമൊരുക്കിയാണ് വിത്തുപാകിയത്. പൂർണ്ണമായും ജൈവകൃഷി മാർഗ്ഗങ്ങൾ അവലംബിച്ചാണ് കൃഷി.
4. ആട് വളര്‍ത്തല്‍ വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 21, 22 തീയതികളിലാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ 8590798131 എന്ന വാട്‌സ്ആപ്പ് നമ്പർ മുഖേന പേര് രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2457778 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാം.
Share your comments