ലോക് ഡൗൺ കാലത്ത് മരുന്നുകളുടെ ഉപഭോഗം കൂടി. ഒപ്പം കൺസ്യൂമർ ഫെഡിന്റെ വില്പന ഒന്നര ഇരട്ടി വർധിച്ചു. സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന മരുന്നിന് ഇരട്ടി വിലയുണ്ടെന്നിരിക്കെ പകുതി വിലയ്ക്ക് ലഭിക്കുന്ന മരുന്നുകൾക്കായി നീതി മെഡിക്കൽ സ്റ്റോറിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. പലചരക്ക് സാധനങ്ങളുടേയും വർദ്ധന കൂടിയതായി ചെയർമാൻ M. മെഹബൂബ് അറിയിച്ചു.
പ്രതിമാസം 18 കോടി രൂപയുടെ വിൽപ്പന നടത്തിയിരുന്ന കൺസ്യൂമർ ഫെഡ് 40 ദിവസത്തിൽ 55 കോടി രൂപയുടെ വിൽപ്പന നടത്തിയതായി ചെയർമാൻ പറഞ്ഞു. 25 കോടി രൂപയുടെ പലചരക്ക് സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നത് 65 കോടിയുടേതാക്കി വർധിപ്പിച്ചാണ് വിൽപ്പന കൂട്ടിയത്. അരി, പഞ്ചസാര, ഉൾപ്പെടെയുള്ള 10 ഇനം സാധനങ്ങളുടെ സ്റ്റോക്ക് മൂന്നിരിട്ടിയാക്കി. കൺസ്യൂമർഫെഡിന്റെ 45 മൊബൈൽ ത്രിവേണികൾ വീടുകളിൽ സാധനങ്ങൾ എത്തിച്ചു. നാട്ടിൻപുറങ്ങളിലും തീരദേശങ്ങളിലും മലയോരങ്ങളിലുമുള്ളവർക്ക് ഇത് ഏറെ സഹായകമായി. ഇതിനു പുറമെ ഹോം ഡെലിവറിയായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചു.
വർദ്ധിച്ച വില്പന കണക്കിലെടുത്ത് കൺസ്യൂമർ നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്‌റ്റോക്ക് 28 കോടിയിൽനിന്ന് 32 കോടിയായി ഉയർത്തി. ഹോം ക്വാറന്റയിനിൽ കഴിയുന്ന ആളുകൾ, വൃദ്ധദമ്പതികൾ, മറ്റ് സഹായം ആവശ്യമുള്ളവർ എന്നിവർക്കായിരുന്നു ഹോം ഡെലിവറി പദ്ധതി പരിഗണന നൽകിയിരുന്നത്.
ഓൺലൈൻ വ്യാപാരം എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിച്ചു. www.consumerfed.online എന്ന സൈറ്റിൽ സാധനങ്ങൾ ഓർഡർ ചെയ്യാം. 499 രൂപയുടെ ‘കനിവ്' 799 രൂപയുടെ ‘കാരുണ്യം’, 999 രൂപയുടെ ‘കരുതൽ' എന്നീ കിറ്റുകളാണ് ആദ്യഘട്ടത്തിൽ ഓൺലൈനിൽ നൽകിയത്. എല്ലാ ജില്ലകളിലേക്കും ഓൺലൈൻ വ്യാപാരം വ്യാപിപ്പിക്കും.
കർണാടക സർക്കാർ റോഡ് അടച്ചതിനെത്തുടർന്ന് കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളിൽ 10 സ്ഥിരം സഹകരണ സ്റ്റോറുകൾ ആരംഭിച്ചു. കൺസ്യൂമർഫെഡിന്റെ 36 വിദേശ മദ്യഷോപ്പുകളും മൂന്ന് ബിയർ പാർലറുകളും ലോക്ക്ഡൗൺ കാലത്ത് പൂർണമായും അടഞ്ഞു. ഇതോടെ 25 കോടി രൂപയുടെ നഷ്ടമുണ്ടായതായും ചെയർമാൻ പറഞ്ഞു.
Share your comments