<
  1. News

സഹകരണമേഖല കോട്ടയം ജില്ലയിൽ 100 വീട് കൂടി നിർമിച്ചു നൽകും: മന്ത്രി വി.എൻ. വാസവൻ

സഹകരണമേഖലയിൽ മാത്രം 2250 വീടുകൾ ഭവനരഹിതർക്കായി ഇതിനോടകം നിർമിച്ചു നൽകിയെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവനസമുച്ചയ പദ്ധതിയിലെ ഗുണഭോക്താവായ തോട്ടുങ്കൽ എം.ആർ. രൂപേഷിനും കുടുംബത്തിനും മന്ത്രി താക്കോൽ കൈമാറി.

Saranya Sasidharan
Cooperative sector will build 100 more houses in Kottayam district: Minister V.N. Vasavan
Cooperative sector will build 100 more houses in Kottayam district: Minister V.N. Vasavan

സഹകരണമേഖലയിലെ പൊതുനന്മ ഫണ്ടുപയോഗിച്ചു കോട്ടയം ജില്ലയിൽ ഈ വർഷം നൂറു വീടുകൾ കൂടി നിർമിച്ചു നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. കോട്ടയം വിജയപുരം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ നിർമിച്ച ഭവനസമുച്ചയത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സഹകരണമേഖലയിൽ മാത്രം 2250 വീടുകൾ ഭവനരഹിതർക്കായി ഇതിനോടകം നിർമിച്ചു നൽകിയെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവനസമുച്ചയ പദ്ധതിയിലെ ഗുണഭോക്താവായ തോട്ടുങ്കൽ എം.ആർ. രൂപേഷിനും കുടുംബത്തിനും മന്ത്രി താക്കോൽ കൈമാറി. ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ കടമ്പൂരിൽ നടന്ന ചടങ്ങിൽ ഓൺലൈനായി നിർവഹിച്ചു. കണ്ണൂർ കടമ്പൂർ, ഇടുക്കി കരിമണ്ണൂർ, കൊല്ലം പുനലൂർ എന്നിവിടങ്ങളിലെ ലൈഫ് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ലൈഫ് പദ്ധതിയിലൂടെ ഈ സാമ്പത്തിക വർഷം 71,861 വീടുകൾ കൂടി നിർമിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 30 ഭവനസമുച്ചയങ്ങളും നിർമിക്കും. അതിദരിദ്രരെന്നു കണ്ടെത്തിയ 64000 പേരെ കൂടി കെടുതികളിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അത്തരത്തിലുള്ള പുരോഗതികളിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജയപുരം ചെമ്പോലയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷറഫ് പി. ഹംസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ധനൂജ സുരേന്ദ്രൻ, ദീപാ ജീസസ്, റേച്ചൽ കുര്യൻ, സുജാത ബിജു, വിജയപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ബാബു, കുര്യൻ വർക്കി, സാറാമ്മ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ടി. ബിജു, ബിന്ദു ജയചന്ദ്രൻ, മിഥുൻ ജി. തോമസ്, സാലി തോമസ്, അജിത രജീഷ്, ഷിലു തോമസ്, ജെസി ജോൺ, ഷൈനി വർക്കി, എം.ആർ. നന്ദുകൃഷ്ണ, ബിനു മറ്റത്തിൽ, ലിബി ജോസ് ഫിലിപ്പ്, ബാബു ജോസഫ്, സിസി ബോബി, ഉഷാ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിലാണ് 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം 7.35 കോടി രൂപ ചെലവിൽ നിർമിച്ചത്. ഗ്രാമപഞ്ചായത്തിന്റെ 55.80 സെന്റ് ഭൂമിയിലാണ് 26328 ചതുരശ്രയടിയുള്ള സമുച്ചയം പ്രീ ഫ്രാബിക്കേഷൻ സാങ്കേതിക വിദ്യയിൽ നിർമിച്ചിട്ടുള്ളത്. 445 ചതുരശ്രയടിയാണ് ഒരു ഫ്ളാറ്റിന്റെ വിസ്തീർണ്ണം. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റ്. ഇലക്ട്രിക്കൽ റൂം, മലിനീകരണ-ശുചീകരണ പ്ലാന്റ്, സൗരോർജ്ജ സംവിധാനം, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും സമുച്ചയത്തിലുണ്ട്. 42 കുടുംബങ്ങൾക്ക് താമസിക്കാം. രണ്ടു ഫ്ളാറ്റുകൾ മുതിർന്നവർക്കുള്ള പ്രത്യേകമുറി, സിക് റൂം, കോമൺ ഫെസിലിറ്റി, റിക്രിയേഷൻ എന്നിവയ്ക്കായി മാറ്റിവച്ചു. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ലൈഫ് പാര്‍പ്പിട സമുച്ഛയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

English Summary: Cooperative sector will build 100 more houses in Kottayam district: Minister V.N. Vasavan

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds