റബര്‍, കുരുമുളക്, ഏലം തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കുറയുകയും വില ഇടിയുകയും ചെയ്തതോടെ കൃഷി മാത്രം ഉപജീവനമാര്‍ഗ്ഗമാക്കിയ മലയോരമേഖലകളിലും ഗ്രാമങ്ങളിലുമുള്ള കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്‌തുക്കളിൽ മുന്നില്‍ നില്‍ക്കുന്നത് റബര്‍, കുരുമുളക്, ഏലം എന്നിവയാണ്. രാജ്യാന്തരവിപണിയിലെ പ്രശ്‌നങ്ങള്‍ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഇവയെയാണ്. കൊറോണ ബാധയെത്തുടര്‍ന്ന് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത് ഏലത്തിന്റെ വിലയിലാണ്. 45 ശതമാനത്തോളം കുറവുണ്ടായി. കൊറോണ വ്യാപകമാകുന്നതിന് മുമ്പ് ജനുവരി ആദ്യം ഏലത്തിന്റെ വില 3800 രൂപയായിരുന്നെങ്കില്‍ ഇന്ന് 2642 രൂപ മാത്രമാണ്.
റബര്‍ വില ഉയരുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് കൊറോണ വൈറസ് കടന്നുവരുന്നത്. വൈറസ് വാഹനമേഖലയിലുള്‍പ്പടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ കുറഞ്ഞ വില ഇനിയും താഴ്‌ന്നേക്കുമെന്നാണ് കണക്കുകളും വിശകലനങ്ങളും നല്‍കുന്ന സൂചന. വൈറസ് ബാധ വന്നതോടെ ചൈനയിലെ വാഹനവിപണി തകര്‍ന്നുകിടക്കുകയാണ്. ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നു.
റബര്‍ RSS4 ഗ്രേഡിന്റെ വില ക്വിന്റലിന് 13000 രൂപയായി. എന്നാല്‍ ജനുവരി പകുതിയില്‍ 13700 രൂപയായിരുന്നു. കുരുമുളകിന്റെ വിലയില്‍ 13 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ജനുവരി മധ്യത്തില്‍ ക്വിന്റലിന് 34400 രൂപയുണ്ടായിരുന്നത് ഇപ്പോൾ 29900 രൂപയിലെത്തി. ഏലത്തിനാണ് ഏറ്റവും തിരിച്ചടിയുണ്ടായത്. ജനുവരി പകുതിയില്‍ കിലോഗ്രാമിന് 3937 രൂപയില്‍ നിന്ന് ഇപ്പോൾ 2664 രൂപയിലെത്തി
ഇന്ത്യയില്‍ ഏതാനും മാസങ്ങളായി മാന്ദ്യത്തിലായിരുന്നു വാഹനവിപണിയും ഉല്‍പ്പാദനവും. ചൈനയില്‍ നിന്നുള്ള ഘടകഭാഗങ്ങളുടെ സപ്ലൈ തകരാറിലായതോടെ ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും വാഹനഉല്‍പ്പാദനം കുറഞ്ഞു. ഇതോടെ പ്രകൃതിദത്ത റബറിന്റെ ആഗോള സപ്ലൈ 2.7 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്യണ്‍ ടണ്‍ ആയി ഉയരുമെന്ന അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യുസിംഗ് കണ്‍ട്രീസ് പുറത്തുവിട്ട കണക്ക് അപ്രസക്തമായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആയതിനാല്‍ ഇത് ഏറ്റവും പ്രഹരമാകുക കേരളത്തിന് തന്നെ. ചുടേറിയ കാലാവസ്ഥ ഉല്‍പ്പാദനക്ഷമതയെയും ബാധിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഉല്‍പ്പാദനം കുറയുമ്പോള്‍ വില കൂടേണ്ടതാണെങ്കിലും വൈറസ് ആ സാധ്യതയും ഇല്ലാതാക്കി.
Share your comments