ഇന്ത്യയിൽ അടുത്തയാഴ്ച മുതൽ ചൈനയിൽ നിന്നും, മറ്റ് അഞ്ച് സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് RT-PCR റിപ്പോർട്ടുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാറിന്റെ തീരുമാനം. ഇന്ത്യയിൽ, ജനുവരിയിൽ കോവിഡിന്റെ വ്യാപനം കൂടിയേക്കുമെന്നും, അടുത്ത 40 ദിവസങ്ങൾ നിർണായകമാകുമെന്ന് മുൻ പകർച്ചവ്യാധികളുടെ രീതി ഉദ്ധരിച്ച് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇനി ഒരു കോവിഡ് തരംഗമുണ്ടായാലും, മരണങ്ങളും ആശുപത്രിവാസവും കുറവായിരിക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രലായം പറയുന്നു; അതിനുകാരണം പുതിയ വകഭേദത്തിനു അണുബാധയുടെ തീവ്രത കുറവാണ് എന്നതാണ്.
കോവിഡ് -19 മായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കർശനമാക്കുന്നതിനാൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് 'എയർ സുവിധ' ഫോമുകൾ പൂരിപ്പിക്കുന്നതിനും, 72 മണിക്കൂർ മുമ്പുള്ള ആർടി-പിസിആർ പരിശോധനയും അടുത്ത ആഴ്ച മുതൽ നിർബന്ധമാക്കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലായം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയ 6,000 പേരിൽ 39 അന്താരാഷ്‌ട്ര യാത്രക്കാർക്കും കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
മ്യാൻമറിൽ നിന്നുള്ള 11 വിനോദസഞ്ചാരികളിൽ ഒരാൾക്ക് IGI വിമാനത്താവളത്തിൽ കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നതിനെ തുടർന്ന്, ഈ ആഴ്ച ആദ്യം സഫ്ദർജംഗ് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്‌തിരുന്നു. വിമാനത്താവളത്തിൽ പോസിറ്റീവായ വ്യക്തിയിൽ നിന്ന് ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെ ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും, ഏത് സാഹചര്യത്തിനും തയ്യാറാകാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് കേസുകളിൽ വരുന്ന വ്യാപനം കാരണം, കഴിഞ്ഞ ശനിയാഴ്ച മുതൽ ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ രണ്ട് ശതമാനം പേർക്ക് റാൻഡം കൊറോണ വൈറസ് പരിശോധന കേന്ദ്ര സർക്കാർ നിർബന്ധമാക്കി.
ബുധനാഴ്ച, രാജ്യത്ത് 188 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, അതേസമയം സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയർന്നു. കൊവിഡ് കേസുകളുടെ എണ്ണം 4.46 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.14 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.18 ശതമാനവും രേഖപ്പെടുത്തി. ഒമൈക്രോൺ സബ് വേരിയന്റ് BF.7 ആണ്, ഇപ്പോൾ ഉണ്ടായ കോവിഡ് കേസുകളുടെ ഏറ്റവും പുതിയ വർദ്ധനവിന് കാരണം. ഈ BF.7 സബ് വേരിയന്റിന്റെ ട്രാൻസ്മിസിബിലിറ്റി വളരെ ഉയർന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സബ് വേരിയന്റ് ബാധിച്ച ഒരാളിൽ നിന്ന് മറ്റ് 16 പേർക്ക് വരെ രോഗം ബാധിക്കാം. എന്നിരുന്നാലും, പല ആരോഗ്യ വിദഗ്ധരും വാദിക്കുന്നത്, ഈ വകഭേദത്തിന്റെ അണുബാധയ്ക്ക് തീവ്രത കുറവാണ് എന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏലത്തിനു വിലയിടിഞ്ഞു, കർഷകർ ആശങ്കയിൽ
Share your comments