കോവിഡ് പ്രതിരോധത്തിന് പുതിയമാർഗം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട എന്നാണ് മുഖ്യമന്ത്രി തദ്ദേശസ്ഥാപനങ്ങൾക്കും, ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്. ഇത് ലംഘിക്കുന്നവർക്ക് ഇന്ന് മുതൽ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവിൽ നിർബന്ധിത ക്വാറന്റീനില്‍ വിടാനും സർക്കാർ തീരുമാനമായി. അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ പിഴ ചുമത്താനാണ് സർക്കാർ തീരുമാനം.
സർക്കാർ പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേന വോളണ്ടിയർമാർ, പ്രദേശത്തെ സേവന സന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി നിരീക്ഷണസമിതി രൂപീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യമാണ് ഉള്ളത്.
ആദ്യഘട്ടത്തിൽ ഇടപെട്ടത് പോലെ പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. വാർഡുതലങ്ങളിൽ നിയന്ത്രങ്ങൾ കടുപ്പിക്കണം. വ്യാപനം കുറയ്ക്കാൻ വേണ്ടി ഓരോ പ്രദേശത്തും അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങൾ നടപ്പിലാക്കണം. പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും നിരീക്ഷണത്തിൽ ആക്കണം.
ഇങ്ങനെ കടുത്ത നിയന്ത്രണങ്ങളിലൂടെ പോയാൽ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ നമുക്കാവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18- 20 ശതമാനത്തിൽ നിൽക്കുമ്പോഴും മരണനിരക്ക് 0.5 ശതമാനത്തിൽ പിടിച്ചുനിർത്താൻ ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ വിമാനത്തവളങ്ങളിൽ നിന്നു തന്നെ പരിശോധിക്കും. 74 ശതമാനം പേർക്കും ഒന്നാം ഡോസും 27 ശതമാനം പേർക്കും രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 100 ശതമാനം ഒന്നാം ഡോസും 86 ശതമാനം രണ്ടാം ഡോസും ഇതുവരെ നൽകിയിട്ടുണ്ട്.
വാക്‌സിനേഷൻ ആവശ്യമില്ലെന്ന് വിചാരിക്കുന്നവരെ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരും കൂടാതെ സുഹൃത്തുക്കളും ചേർന്ന് പിന്തിരിപ്പിക്കണം. സംസ്ഥാന വ്യാപകമായിട്ടുള്ള ലോക്ഡൗണ്‍ ആരും അനുകൂലിക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്കു മരുന്നുകള്‍, അവശ്യസാധനങ്ങള്‍എന്നിവ ലഭ്യമാക്കാൻ വാർഡുതല സമിതികൾ മുൻഗണനയെടുക്കണം. ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം തദ്ദേശ സ്ഥാപങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, റവന്യൂ മന്ത്രി കെ.രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ
എന്താണ് ബ്ലാക്ക് ഫംഗസ് :ബ്ലാക്ക് ഫംഗസ് ഭയപ്പെടേണ്ടതില്ല.
വാക്സിനേഷൻ സ്ലോട്ട് കിട്ടുന്നില്ലേ ? ഒരു മിനിറ്റിൽ നോട്ടിഫിക്കേഷൻ വരും ഇങ്ങനെ ചെയ്താൽ
Share your comments