News

എല്ലാ സമയവും വിളവെടുക്കാൻ പയർ (LONG COWPEA) നടാം; വീട്ടമ്മയുടെ അനുഭവ പാഠങ്ങൾ

 

വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. പ്രോട്ടീൻ കലവറയായ പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 50- 60 ദിവസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ശാസ്ത്രീയമായി പറയാൻ അറിയില്ലെങ്കിലും, ചെയ്തുള്ള അറിവാണ് പങ്കുവയ്ക്കുന്നത്. 
നടീൽ രീതി

പയർ (LONG COWPEA) കൃഷിരീതി


ഒരടി നീളവും വീതിയുമുള്ള കുഴിയെടുത് മണ്ണും കുമ്മായവും യോജിപ്പിച്ച് ചെയ്തു ഒരാഴ്ച ഇടുന്നു. അതിൽ അടിവളമായി ചാണകപ്പൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ചേർത്ത് 4 - 5 ദിവസം വെയിൽ കൊള്ളാൻ വീണ്ടും ഇട്ടിരിക്കും.

അതിലേക്ക് കുതിർത്തു മുളപ്പിച്ച വിത്തുകൾ ഒരിഞ്ച് താഴ്ത്തി നടുന്നു (വിത്തു കുതിർക്കാൻ ഉപയോഗിക്കുന്നത് തേങ്ങാവെള്ളമാണ് (MATURE COCONUT WATER)).

രാവിലെയും വൈകിട്ടും നനച്ചു കൊടുക്കും. ഒരു കുഴിയിൽ 2 പയർ വിത്താണ് ഇടുന്നത്. കുഴികൾ തമ്മിൽ ഒന്നര അടി അകലം നൽകും.


വളപ്രയോഗം


മുളച്ചു നാലില പ്രായമാകുമ്പോൾ പച്ചച്ചാണകം ലൂസ് ആയിട്ട് കലക്കി ഒഴിച്ചു കൊടുക്കും. ഇടക്ക് ചാണക പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് ഇട്ടു മണ്ണു കൂട്ടി കൊടുക്കും. പടർന്നു തുടങ്ങിയാൽ പന്തലിട്ട് അതിൽ കയറ്റി വിടും. പടർന്നു തുടങ്ങുമ്പോൾ ചുവട്ടിൽ ആട്ടിൻ കാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി ഇട്ട് കൂടെ കൊന്നയിലയോ കമ്മൂണിസ്റ്റ്പച്ചയോ കരിയിലയോകൊണ്ട് പുതയിട്ട് മണ്ണ് കൂട്ടി കൊടുക്കും. പൂത്തു തുടങ്ങുമ്പോൾ ഓരോ പിടി കോഴിവളവും നൽകും. പിന്നെ ആഴ്‌ചയിൽ ഒരു ദിവസം കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപം ചാരവും ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കും. 


ചാക്ക്/ ഗ്രോ ബാഗ് നിറയ്ക്കാനും ഈ മിക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. ലെയർ ആയി കരിയില കൂടി ഇടുന്നു. വളപ്രയോഗം എല്ലാം ഒരു പോലെ.

 

കീടനാശിനി

പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും. കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും.

ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, ഇഞ്ചിത്തൊലി ഇവയൊക്കെ നാലഞ്ചു ദിവസത്തേത് ഒരു പാത്രത്തിൽ എടുത്ത് മൂടത്തക്ക വെള്ളമൊഴിച്ച് ഒരാഴ്ച്ച അടച്ചുവയ്ക്കും. അത് അരിച്ചെടുത്ത് നേർപ്പിച്ച് തളിച്ചു കൊടുക്കും. ആഴ്ചയിൽ 2 ദിവസം ഇങ്ങനെ തളിച്ചു കൊടുക്കുന്നുണ്ട്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.

2-3 പിടി വേപ്പിൻപിണ്ണാക്ക് ഒരു ലീറ്റർ വെള്ളത്തിൽ കുതിർത്ത് 3 ദിവസം പുളിപ്പിച്ച ശേഷം അരിച്ച് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിലും തണ്ടിലും തളിച്ചു കൊടുക്കും. ചുവട്ടിലും ഒഴിച്ചു കൊടുക്കും. ആഴ്ചയിൽ 1-2 വട്ടം ഇങ്ങനെ ചെയ്താൽ കായതുരപ്പൻ, തണ്ട് തുരപ്പൻ പുഴുക്കളിൽനിന്ന് ചെടികളെ രക്ഷിക്കാൻ സാധിക്കും. രോഗബാധ ഉണ്ടാവുന്നതിനു മുന്നേ ഇടയ്ക്കിടക്ക് പ്രയോഗിച്ചാൽ മാത്രമേ പ്രയോജനം കിട്ടൂ.

50ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി.ലി. വെള്ളത്തില്‍മുക്കിവയ്ക്കുക. അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കളെ അകറ്റാം.

മുഞ്ഞയ്ക്ക് പപ്പായ മിശ്രിതം:

പച്ചപ്പപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിൽ കുറച്ചു വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഏതാനും ദിവസം കഴിഞ്ഞ് ഇത് ഇളക്കിയാൽ കുഴമ്പു രൂപത്തിലാകും. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് മുഞ്ഞ ആക്രമണമുള്ള ഭാഗത്ത് പുരട്ടിയാൽ മുഞ്ഞ മാറിക്കിട്ടും. കൂടാതെ, കൊഴുത്ത കഞ്ഞിവെള്ളത്തിൽ കുറച്ചു മഞ്ഞൾപ്പൊടി കൂടി മിക്സ് ചെയ്ത് ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണമുള്ള ഭാഗങ്ങളിൽ പുരട്ടിയാലും മുഞ്ഞ മാറും.

ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക. അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും.

ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.

പരിചരണം ഏറ്റവും കൂടുതൽ വേണ്ട ഒരിനമാണ് പയർവർഗം. ഏറ്റവും കൂടുതൽ കീടാക്രമണം ഉള്ളത് പയറിനാണെന്നു തോന്നുന്നു. ഉറുമ്പ് മുതൽ ചാഴി വരെ സർവരും ആക്രമിക്കും. ദിവസേനയുള്ള പരിചരണം അത്യാവശ്യമാണ്


English Summary: COW PEA FARMING IN HOSEHOLD

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine