
1. റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (NIRT) ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയത്തെ NIRT-യിൽ ലാറ്റക്സ് വിളവെടുപ്പ് സാങ്കേതികവിദ്യയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ലാറ്റക്സ് വിളവെടുപ്പ്, വിവിധ തരം ടാപ്പിംഗ് കത്തികളുടെ ഉപയോഗം, ആധുനിക ടാപ്പിംഗ് രീതികൾ, യന്ത്രവൽകൃത ടാപ്പിംഗ്, ഉത്തേജകങ്ങളുടെ പ്രയോഗം, ലോ ഫ്രീക്വൻസി ടാപ്പിംഗ്, നിയന്ത്രിത മുകളിലേക്ക് ടാപ്പിംഗ് തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 94959 28077 എന്ന ഫോൺ നമ്പറിലോ 0481 2351313 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക.
2. ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന വികസനകേന്ദ്രത്തില്‍ ഒക്‌ടോബര്‍ 21 മുതല്‍ 25 വരെ 'ശാസ്ത്രീയ പശു പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഫ്ലൈനായി പങ്കെടുത്തവര്‍ക്ക് അവസരം ലഭിക്കുന്നതല്ല. ഒക്‌ടോബര്‍ 18-ാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം 80893 91209, 0476 2698550 എന്നീ ഫോൺ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
3. സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇന്ന് 5 ജില്ലകളിലും നാളെ 4 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും മഴയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10-ഓടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടത്തരം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും ഇടിമിന്നലിനോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments