
വിളകള്‍ക്ക് സൗഹൃദസംരക്ഷണം ഉറപ്പു നല്‍കുന്ന 'നന്മ' യും 'മേന്മ'യും ഇദംപ്രദമായി വേര്‍തിരിച്ച മരച്ചീനിയിലകളില്‍ നിന്ന് ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ യിലെ പ്രമുഖ ഗവേഷകനായ ഡോ. സി.എ ജയപ്രകാശ് പുതിയൊരു കണ്ടെത്തലിന്റെ നെറുകയിലേക്ക്. ജൈവകീടനാശിനികള്‍ വേര്‍തിരിച്ച ഇലകള്‍ വൃഥാ ഉപേക്ഷിക്കണ്ട എന്ന ധാരണയില്‍ നിന്ന് ഇദ്ദേഹം കണ്ടെത്തിയതാകട്ടെ തീര്‍ത്തും പ്രകൃതി സൗഹൃദമായ ഇന്ധനമായ ബയോഗ്യാസ്.
'സാധാരണ ഗതിയില്‍ ചെടികളുടെ ഇലകളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ കഴിയും. പക്ഷെ പലതിന്റെയും ഉല്‍പാദന പൂര്‍വപ്രക്രിയ വളരെ ചെലവേറിയതാണെന്ന് മാത്രം. എന്നാല്‍ മരച്ചീനിയിലകളുടെ കാര്യത്തില്‍ ഇത് ബാധകമല്ല. 8 കി.ഗ്രാം ഇലകളില്‍ നിന്ന് 2 മണിക്കൂര്‍ പാചകം ചെയ്യാന്‍ ആവശ്യമായ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു....'
സി.ടി.സി.ആര്‍.ഐ യിലെ സസ്യസംരക്ഷണവിഭാഗം മേധാവി കൂടെയായ ഡോ. ജയപ്രകാശ് പറയുന്നത്. ജൈവകീടനാശിനികളുടെ ഉല്‍പാദനത്തിനു ശേഷം ടാങ്കില്‍ വെറുതേ നിക്ഷേപിച്ചിരുന്ന അവശിഷ്ടം വിലപിടിപ്പുളള ഇന്ധനത്തിന്റെ പിറവിക്ക് കാരണമാകുമെന്ന കണ്ടെത്തല്‍ തികച്ചും യാദൃശ്ചികമായിരുന്നു. കണ്ടുപിടിത്തങ്ങളെല്ലാം ആകസ്മികമോ യാദൃശ്ചികമോ ആണല്ലോ.
2019 ജനുവരി ഒന്നാം തീയതി കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ബയോഗ്യാസ് ഉല്‍പാദനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫാം ഇന്‍ഫര്‍മേഷന്‍ മുന്‍ ഇന്‍ഫര്‍മേഷന്‍ ആഫീസറും 'കൃഷി ജാഗരണ്‍' മാസികയുടെ എഡിറ്ററുമായ സുരേഷ് മുതുകുളം നിര്‍വഹിച്ചു. ചടങ്ങില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.അര്‍ച്ചന മുഖര്‍ജി അധ്യക്ഷയായി. ഗവേഷകരായ ഡോ.ഷീല ഇമ്മാനുവല്‍, ഡോ. സി.എ ജയപ്രകാശ്, ഡോ. ഉണ്ണിക്കൃഷ്ണന്‍, ഡോ. ഹരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Share your comments