കേരളപ്പിറവി ദിനത്തിൽ 1000 ഏക്കറിലെ തരിശുനില കൃഷിക്ക് തുടക്കം. പുഞ്ചയിലെ അവുങ്ങാട്ടിക്കുളം- കളത്തിൽ ഭാഗത്താണ് നിലമൊരുക്കൽ തുടങ്ങിയത്.ഭൂമിയുടെ കിടപ്പനുസരിച്ച് വെള്ളം ഇറക്കിവിടാൻ പറ്റുന്നതും നിലമൊരുക്കാൻ പാകത്തിൽ വെള്ളം നിലനിൽക്കുന്നതുമായ പാടശേഖരം എന്ന നിലയിലാണ് ഇവിടെ നിലമൊരുക്കൽ .ഒരാഴ്ചകൊണ്ട് മുഴുവൻ പാടശേഖരങ്ങളിലും നിലമൊരുക്കൽ ആരംഭിക്കും.
ഇരുപതിനകം നിലമൊരുക്കൽ പൂർത്തിയാവും. ആദ്യം നിലമൊരുക്കുന്ന പാടശേഖരങ്ങളിൽ ഈ മാസം പകുതിയോടെ വിത്തെറിയാമെന്നാണ് പ്രതീക്ഷ. 10 വർഷത്തിനുശേഷമാണ് അവുങ്ങാട്ടിക്കുളം പാടത്ത് യന്ത്രമിറങ്ങുന്നത്. നഗരസഭയിലും കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലുമായി 1400 ഏക്കർ പാടശേഖരമാണ് ഉള്ളത്. അതിൽ കുറച്ചു വർഷങ്ങളായി 200 ഏക്കറിനടുത്ത് കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് യോഗ്യമല്ലാത്ത നിലവും വലിയതോടും നാട്ടുതോടുകളും ചേർത്ത് 200 ഏക്കറിനടുത്ത് ഉണ്ടാവും.
ശേഷിക്കുന്നവയിൽ കൃഷിക്ക് യോഗ്യമായ 1000 ഏക്കർ പൂർണമായും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ 8 മാസമായി പ്രവർത്തനം നടത്തിവരികയാണ്.നിലമൊരുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ഉദ്ഘാടനം ചെയ്തു. ഹരിത കേരളം ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
Share your comments