ആലപ്പുഴ: ജില്ലാ ക്ഷീരകർഷക സംഗമം ഡിസംബർ 14, 15 തീയതികളിൽ മുഹമ്മ ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടക്കും. 15ന് രാവിലെ 11 ന് നടക്കുന്ന ക്ഷീര കർഷകരുടെ സമ്മേളനം ക്ഷീരവികസന -മൃഗസംരക്ഷണ-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ മികച്ച ക്ഷീര കർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ആദരിക്കും. മികച്ച ക്ഷീര വികസന യൂണിറ്റുകൾക്കുള്ള പുരസ്‌കാരം, ക്ഷേമനിധി ധനസഹായ വിതരണം, ഫെസിലിറ്റേഷൻ സെന്ററിനുള്ള ധനസഹായ വിതരണം, ഡയറി സോൺ ധനസഹായ വിതരണം, കൂടുതൽ പാൽ അളന്ന കർഷകർ, മികച്ച വനിത കർഷക, മികച്ച പട്ടിക ജാതി വിഭാഗം കർഷകൻ എന്നിവരെ ആദരിക്കൽ കൂടുതൽ പാൽ സംഭരിച്ച ആപ്‌കോസ് സംഘം, പരമ്പരാഗത സംഘം, ഗുണ നിലവാരമുള്ള പാൽ സംഭരിച്ച സംഘം, മികച്ച പുൽകൃഷിത്തോട്ടം എന്നിവയ്ക്കുള്ള അവാർഡ് ദാനം എന്നിവയും ചടങ്ങിൽ നടക്കും.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം റ്റി .ജോസഫ്, ക്ഷീര കർഷക ക്ഷേമ നിധി ചെയർമാൻ അഡ്വ. എൻ. രാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ഗീത, റ്റി.ആർ.സി.എം.പി.യു. ചെയർമാൻ കല്ലട രമേശ്, ജന പ്രതിനിധികളായ അഡ്വ. ഷീന സനൽകുമാർ, തോമസ് ജോസഫ്, ഐസക് മാടവന, സിനിമോൾ സോമൻ, ജെ. ജയലാൽ, അഡ്വ.കെ.ടി. മാത്യു തങ്കമണി ഗോപിനാഥ്, കവിത ഹരിദാസ്, ഇന്ദിര തിലകൻ തുടങ്ങിയവർ പങ്കെടുക്കും. ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത റിപ്പോർട്ടവതരിപ്പിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ക്ഷീര വികസന സെമിനാറിൽ ജോയിന്റ് ഡയറക്ടർ ഐസക് തയ്യിൽ, അസിസ്റ്റന്റ് ഡയറക്ടർ ആർ. അനീഷ് കുമാർ വിഷയം അവതരിക്കും. 14 ന് രാവിലെ 8.30 മുതൽ കന്നുകാലി -കന്നുകുട്ടി പ്രദർശന മത്സരം, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ്, ക്ഷീര പ്രശ്‌നോത്തരി, ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
Share your comments