ചർമമുഴ അഥവാ ലമ്പി സ്കിൻ രോഗങ്ങൾ പോലുള്ള പകർച്ചവ്യാധികൾക്കിടയിൽ അടിപതറിയെങ്കിലും ഇന്ത്യയുടെ ക്ഷീരമേഖല തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണുള്ളത്. പാലുല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഇന്ന് ഇന്ത്യയാണ് എന്നിരിക്കിലും പകർച്ചവ്യാധി ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്.
എങ്കിലും രാജ്യത്തെ ക്ഷീരവ്യവസായം ആഗോളതലത്തിലേക്ക് മുന്നേറുകയും, അത് ഇന്ത്യയുടെ കാർഷിക വ്യവസായത്തിന് വളരെയധികം ഉത്തേജനം ആകുകയും ചെയ്തിട്ടുണ്ട്. ഇത് കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ (അമേരിക്ക) കമ്മ്യൂണിക്കേഷൻസ് മാനേജർ സെബാസ്റ്റ്യൻ ഡേറ്റ് പറഞ്ഞു.
കൃഷി ജാഗരണിന്റെ ഡൽഹി ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക സംവാദത്തിലാണ് ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ (International Dairy Federation) കമ്മ്യൂണിക്കേഷൻസ് മാനേജർ സെബാസ്റ്റ്യൻ ഡേറ്റ് ഈ വിഷയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിവരിച്ചത്. ഇന്ത്യാ സന്ദർശനത്തിലെ തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഭാരതീയർ വളരെ ഹൃദയപൂർവ്വമായാണ് അതിഥികളെ സ്വീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പാൽ ഉൽപാദനം കൂടുവാൻ സഹായിക്കുന്ന നാടൻ രീതികൾ
അതുപോലെ ഇന്ത്യയുടെ കാർഷികമേഖലയും വളരെ പ്രാധാന്യം അർഹിക്കുന്നു. ക്ഷീര വ്യവസായം ഇന്ന് ഗ്രാമത്തിൽ നിന്ന് ആഗോള തലത്തിലേക്ക് വളർന്നിരിക്കുന്നു. അതുപോലെ കന്നുകാലി വ്യവസായത്തിലെ സാങ്കേതികവിദ്യകളും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു.
ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വികസന തന്ത്രങ്ങളിലൂടെ ഈ മേഖലയിൽ നിന്ന് നമുക്ക് കൂടുതൽ വരുമാനം നേടാനാകും. ഇന്ത്യയുടെ ഊർജ്ജം ഗ്രാമങ്ങളിലാണ്. അവിടെ കൃഷിക്ക് അത്യധികം പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ പരിസ്ഥിതി മൃഗസംരക്ഷണത്തിന് ഏറെ സഹായകമാണ്. ഈ നേട്ടങ്ങളെല്ലാം കൈവരിച്ചാൽ ക്ഷീരോൽപ്പാദനത്തിൽ നമ്മുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നും സെബാസ്റ്റ്യൻ ഡേറ്റ് വിശദീകരിച്ചു.
ആഗോള കൃഷിയിലും ക്ഷീരവ്യവസായത്തിലും ഇന്ത്യ മുൻപന്തിയിലാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഫാം അമേരിക്കൻ ഡയറി ഫെഡറേഷൻ ഉറുഗ്വേ (Fam American Dairy Federation, Uruguay) മാസ്റ്റർ ന്യൂട്രീഷനിസ്റ്റ് റാഫേൽ കോർണ്സ് വ്യക്തമാക്കി.
പാലിൽ പ്രോട്ടീൻ സമ്പന്നമായി അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കൾ കലർന്ന പാലാണ് ഇന്ന് വിപണിയിൽ വൻതോതിൽ എത്തിയിരിക്കുന്നതെന്നും ഇവ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കൃഷി ജാഗരൺ സ്ഥാപകനും ചീഫ് എഡിറ്ററുമായ എം.സി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക്, കോർപ്പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് പി.എസ്.സൈനി, സിഒഒ പി.കെ.പന്ത് എന്നിവരും, കൃഷി ജാഗരൺ മീഡിയ പ്രതിനിധികളും പങ്കെടുത്തു.
Share your comments