1. ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 മാർച്ച് 24 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ആധാർ കാർഡിലെ പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ആധാർ കാർഡ് സംബന്ധിച്ച തട്ടിപ്പുകൾ കുറയ്ക്കുന്നതിനാണ് ഓരോ 10 വർഷം കൂടുമ്പോഴും കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നത്. myAadhaar പോർട്ടലിൽ സൗജന്യ ഓൺലൈൻ സേവനം ലഭ്യമാണ്. വിരലടയാളം, ഐറിസ് പാറ്റേണുകൾ, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങളെ സമീപിക്കാം.
2. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല കുള നിര്‍മ്മാണം, ശുദ്ധജല മത്സ്യക്കൃഷി, ഓരുജല മത്സ്യക്കൃഷി എന്നിവയ്ക്കുള്ള പ്രവര്‍ത്തനചെലവ്, ഓരുജലകൂട്, വനിതകൾക്ക് ബയോഫ്‌ളോക്ക് കുളം നിര്‍മ്മാണം എന്നിവ ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ നിശ്ചിത മാതൃകയിലുളള അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 16ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2732340 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: കർഷകർക്ക് കുരുക്കാകുന്ന സിബിൽ സ്കോറും പിആർഎസും; സിബിൽ സ്കോർ എന്തിന് നിലനിർത്തണം?
3. തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളും, ഗോത്ര വിഭാഗങ്ങള്‍ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും ഇക്കോ ഷോപ്പില്‍നിന്നും ലഭിക്കും. ഒപ്പം മല്ലീശ്വര വന വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേന്‍, ചെറുതേന്‍, സംസ്ഥാനത്തെ വിവിധ വന വികസന ഏജന്‍സികളില്‍നിന്ന് ശേഖരിച്ച ഉത്പന്നങ്ങള്‍, മറയൂര്‍ ചന്ദനതൈലം എന്നിവയും ഷോപ്പില്‍ ലഭിക്കും. ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് ആറ് വരെയാണ് ഷോപ്പ് പ്രവര്‍ത്തിക്കുക.
4. വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 8 മുതല്‍ 25 വരെ പരിശീലനം നടക്കും. പച്ചക്കറി, പഴവർഗം, അലങ്കാരചെടികൾ എന്നിവയുടെ ഉല്‍പ്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാർഗങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകും. ഒരു ബാച്ചില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. പരിശീലന ഫീസ് 2,000 രൂപയാണ്. പങ്കെടുക്കാന്‍ താൽപര്യമുള്ളവർ 8077268538 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 9 മണി മുതല്‍ 4 വരെയുളള സമയങ്ങളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.
Share your comments