അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായ അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത പ്രധാന പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. അതിന്റെ ഭാഗമായി ജില്ലയില്‍ സര്‍വേ സംഘടിപ്പിച്ച് അതിദരിദ്രരെ കണ്ടെത്തി. അവര്‍ക്ക് വേണ്ട ആനുകൂല്യങ്ങളും അടിസ്ഥാനപരമായ രേഖകളും ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം എന്നതിനപ്പുറം കണ്ടെത്തിയ എല്ലാവര്‍ക്കും രേഖകള്‍ ലഭ്യമാക്കുന്നുവെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. താരതമ്യേന ജില്ലയില്‍ അതിദരിദ്രരുടെ എണ്ണം കുറവാണ്. അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നേടാനുള്ള പിന്തുണ എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും ഈ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിക്കണമെന്നും അടിസ്ഥാനരേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അതിനായി സര്‍വേ പൂര്‍ത്തിയാക്കി മൈക്രോലെവല്‍ പ്ലാനിംഗ് രൂപീകരിച്ചു. 2339 കുടുംബങ്ങളാണ് ജില്ലയില്‍ നിന്ന് പട്ടികയിലിടം പിടിച്ചത്. വോട്ടര്‍ ഐഡി, ഭിന്നശേഷിക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗത്വം, തൊഴിലുറപ്പ് അംഗത്വം, റേഷന്‍കാര്‍ഡ്, പെന്‍ഷന്‍, ആരോഗ്യഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട് എന്നീ രേഖകളാണ് ഈ പദ്ധതിയിലൂടെ ഇവര്‍ക്ക് വിതരണം ചെയ്യുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയുടെ അഭിമാനമായി മാറിയ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മികച്ച രീതിയില്‍ സംഘടിപ്പിക്കണമെന്ന് എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ നിര്‍ദേശിച്ചു.
കേരളത്തില്‍ നടന്ന വലിയ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഈ സമ്മേളനം നടത്തുന്നതിനായി പത്തനംതിട്ട ജില്ലയെ തിരഞ്ഞെടുത്തുവെന്നത് ഏറ്റവും അഭിമാനകരമായ നേട്ടമാണ്. ജില്ലയുടെ യശസ് ഉയര്‍ത്തുന്ന തരത്തിലുള്ള പരിപാടി സംഘടിപ്പിക്കണമെന്നും എല്ലാ വകുപ്പുകളുടേയും സജീവപങ്കാളിത്തം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടകസമിതി യോഗത്തില്‍ രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും രക്ഷാധികാരികളായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവരേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെ ചെയര്‍മാനായും പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനെ കോ-ചെയര്‍മാനായും തിരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കണ്‍വീനറായും, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ കോ-കണ്‍വീനറായും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ ജോയിന്റ് കണ്‍വീനറായും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളുമായി തിരഞ്ഞെടുത്തു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ലഘു സമ്പാദ്യ പദ്ധതികൾക്ക് ആധാറും പാൻ കാർഡും നിർബന്ധം.. കൂടുതൽ വാർത്തകൾ
Share your comments