രണ്ടാമത് മീനച്ചില്‍ നദി തുമ്പി സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. മലിനീകരണം വ്യാപകമാകുന്നതുകൊണ്ടാണ് എണ്ണത്തിലും വൈവിദ്ധ്യത്തിലും കുറവു വരുന്നതെന്നാണ് കണ്ടെത്തൽ. മലിനജലത്തില്‍ മുട്ടയിടുന്ന ചങ്ങാതിത്തുമ്പികള്‍ നഗരപ്രദേശങ്ങളില്‍ അധികമായി കണ്ടതും മലിനീകരണത്തിന്റെ സൂചനയാണ്. 2013 -ല്‍ 57 ഇനം തുമ്പികളെ കണ്ടെത്തിയപ്പോള്‍ ഇന്ന് 41 ഇനം മാത്രമാണുള്ളത്. മീനച്ചില്‍ നദീതടത്തില്‍ തുമ്പികളുടെ വൈവിധ്യം കുറയുന്നുതായും വിലയിരുത്തി.
കുമ്മനം, നാഗമ്പടം , എലിപ്പുലിക്കാട്ട് കടവ്, ഇറഞ്ഞാല്‍ എന്നിങ്ങനെ നഗരപ്രദേശങ്ങളിലാണ് തുമ്പികളുടെ വൈവിധ്യത്തില്‍ സാരമായ കുറവുണ്ടായത്. പുഴക്കടുവ, കാട്ടുപുള്ളന്‍, ചെങ്കറുപ്പന്‍, അരുവിയന്‍ എന്നീ ശുദ്ധജലത്തുമ്പികള്‍ അടക്കം ഇല്ലിക്കല്‍ക്കല്ല്, പുന്നത്തുറ മേഖലകളില്‍ കണ്ടെത്താനായി.
കുമ്മനം, അയ്മനം, ഇല്ലിക്കല്‍ മേഖലകളില്‍ 21 ഇനം (17 ഇനം കല്ലന്‍ തുമ്പികള്‍, നാലിനം സൂചിത്തുമ്പികള്‍), നാഗമ്പടത്ത് 13 ഇനം (12 ഇനം കല്ലന്‍ തുമ്പി, ഒരിനം സൂചിത്തുമ്പി), ഇലിപ്പുലിക്കാട്ട് കടവില്‍ പത്തിനം (എല്ലാം കല്ലന്‍ തുമ്പി), ഇറഞ്ഞാലില്‍ ഏഴിനം (എല്ലാം കല്ലന്‍ തുമ്പി), കിടങ്ങൂരില്‍ 18 ഇനം (9 ഇനം കല്ലന്‍ തുമ്പി, 9 ഇനം സൂചിത്തുമ്പി), പുന്നത്തുറയില്‍ 13 ഇനം (8 ഇനം കല്ലന്‍ തുമ്പി, അഞ്ചിനം സൂചിത്തുമ്പി), പാലായില്‍ 14 ഇനം (9 കല്ലന്‍ തുമ്പി, അഞ്ച് സൂചിത്തുമ്പി), അടുക്കം പ്രദേശത്ത് 14 ഇനം (എട്ടിനം കല്ലന്‍ തുമ്പി, ആറിനം സൂചിത്തുമ്പി) എന്നിങ്ങനെയാണ് തുമ്പികളെ കണ്ടെത്തിയത്.
കോട്ടയം പ്രദേശത്ത് ഇപ്പോള്‍ നടക്കുന്ന മീനച്ചില്‍ - മീനന്തറയാര്‍, കൊടൂരാര്‍ പുനഃസംയോജന പരിപാടിയുടെ ഭാഗമായുള്ള തോടുകളെ വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പഠനഫലം സൂചിപ്പിക്കുന്നു. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ അടുക്കം മുതല്‍ കോട്ടയം ഇല്ലിക്കല്‍ വരെ 15 ഇടങ്ങളിലായാണ് സര്‍വേ നടത്തിയത്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കൊളോജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേക്ക് തുമ്പി വിദഗ്ധരായ ഡോ.ഏബ്രഹാം സാമുവല്‍, സി.ജി. കിരണ്‍, പി.മനോജ്, എസ്. ശത്രുഷിത, എം.എന്‍. അജയകുമാര്‍, ജാസ്മിന്‍, ഡോ.ഷാജു തോമസ്, ഡോ.നെല്‍സണ്‍ പി.ഏബ്രഹാം, ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ശരത് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. സര്‍വേയില്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്തു.
CN Remya Chittettu Kottayam #KrishiJagran
Share your comments