1. ന്യൂഡൽഹിയിൽ വായു ഗുണനിലവാരം അതിരൂക്ഷമായ സാഹചര്യത്തിൽ വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദേശം. വിളവെടുപ്പ് കഴിഞ്ഞുള്ള വൈക്കോൽ കത്തിക്കൽ ഏതുവിധേനയും തടയണമെന്ന് പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. ജസ്റ്റിസ് എസ്.കെ കൌളാണ് കുട്ടികളടക്കം അനുഭവിക്കുന്ന ഗുരുതര ശ്വാസകോശ പ്രശ്നങ്ങളെ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം, ഡൽഹിയിൽ സ്ഥാപിച്ചിരിക്കുന്ന സ്മോഗ് ടവർ പ്രവർത്തന രഹിതമാണെന്ന് അമിക്കസ് ക്യൂറി അപരാജിത സിങ് കോടതിയെ അറിയിച്ചു. വായു മലിനീകരണപ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയല്ല, എല്ലാവർഷവും ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാനാകില്ലെന്നും സർക്കാർ ഇത് ഏതുവിധേനയും തടയണമെന്നും സുപ്രീം കോടതി പ്രതികരിച്ചു.
കൂടുതൽ വാർത്തകൾ: ജനങ്ങൾക്ക് തിരിച്ചടി! സപ്ലൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടുന്നു
2. കൊല്ലം ഇളമാട് ഗ്രാമപഞ്ചായത്തിൽ 18 വര്‍ഷമായി തരിശായി കിടന്ന 4 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. വിത്ത്, ജൈവ വളം, കൂലി ചെലവ് എന്നിവ സബ്‌സിഡി നിരക്കില്‍ പദ്ധതി വഴി നല്‍കുന്നുണ്ട്. കിലോയ്ക്ക് 28 രൂപ നിരക്കില്‍ ജില്ലാ പഞ്ചായത്ത് തന്നെ നെല്ല് സംഭരിച്ച് കതിര്‍ മണി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. വിത്ത് വിതക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് നിര്‍വഹിച്ചു.
3. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരു ദിവസം പ്രായമായ ജാപ്പാനീസ് കാടക്കുഞ്ഞുങ്ങളെ വിൽക്കുന്നു. തിങ്കള്‍,വ്യാഴം ദിവസങ്ങളില്‍ 8 രൂപ നിരക്കില്‍ കാടക്കുഞ്ഞുങ്ങളെ വാങ്ങാം. ഫോൺ: 0479 2452277, 9544239461
4. ക്ഷീരോത്പന്ന നിര്‍മാണത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 20 മുതല്‍ 30 വരെയാണ് പരിശീലനം നടക്കുക. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്രവേശന ഫീസ് 135 രൂപയാണ്. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11 മണിക്കകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com, 9496839675, 9446972314 മുഖേനയോ രജിസ്റ്റര്‍ ചെയ്യാം
Share your comments