പ്രളയം തകർത്ത കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പ് .കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവസരമൊരുക്കുകയാണ് കൃഷി വകുപ്പ്. വയനാട്ടിലെ പ്രളയ ബാധിത പ്രദേശത്തെ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പ് സംഭരിച്ച് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലും മുതലക്കുളം ഗ്രൗണ്ടിലും തുറക്കുന്ന ന്യായവില വിപണികള്‍ വഴി വിറ്റഴിക്കും. ഗ്രാമീണ മേഖലയില്‍ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ വളരെ വില കുറച്ചാണ് ഇടനിലക്കാര്‍ വാങ്ങി മൊത്ത വിപണികളില്‍ എത്തിക്കാറുള്ളത്. കര്‍ഷകര്‍ക്ക് വിളവെടുക്കുന്നതിനും ഗതാഗതത്തിനും ചെലവാക്കുന്ന തുക പോലും മിക്ക അവസരങ്ങളിലും ലഭിക്കാറില്ല.ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചു വില്‍ക്കുന്നതിനു തീരുമാനമെടുത്തിരിക്കുന്നത്. ഗുണമേന്മയുള്ള ഒന്നാം തരം വാഴക്കുലകള്‍ 26 രൂപ നിരക്കിലും ബാക്കിയുള്ളവ 16 രൂപ നിരക്കിലും സംഭരിക്കുന്നതായിരിക്കും.മറ്റു വിളകളായ ഇഞ്ചി, ചേന,പച്ചക്കറി തുടങ്ങിയവ വിപണികളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയേക്കാള്‍ മുപ്പത് ശതമാനം ഉയര്‍ന്ന വിലയ്ക്ക് സംഭരണ കേന്ദ്രങ്ങളില്‍ എടുക്കും. ഇരുപത്തിയഞ്ചാം തിയ്യതി മുതല്‍ മാനന്തവാടി, പനമരം, കല്‍പ്പറ്റ (മുട്ടില്‍), ബത്തേരി ഗ്രാമീണ മാര്‍ക്കറ്റ് എന്നിവടങ്ങളിലും സംഭരണം ആരംഭിച്ചു.
വയനാട്ടിലെ കര്‍ഷകര്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടു കൂടി സംഭരണ കേന്ദ്രത്തില്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കേണ്ടതാണ്. സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ 26 മുതല്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും മുതലക്കുളം ഗ്രൗണ്ടിലും ആരംഭിക്കുന്ന വില്‍പ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കും. പൂര്‍ണ്ണമായും സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ലഭിക്കുന്ന ലാഭം മുഴുവന്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുവാനാണ് തീരുമാനം. കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ അതിജീവനത്തിന്റെ പാതയിലേക്ക് അവരെ തിരികെ നടത്താനാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
Share your comments