കന്നുകാലി ഫാമുകളിൽ നിന്നും, പന്നി ഫാമുകളിൽ നിന്നും പുറംതള്ളപ്പെടുന്ന വിസര്‍ജ്യവസ്തുക്കള്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത് പരിസരവാസികളുടെ എതിര്‍പ്പിന് കാരണമാകാറുണ്ട്. ഇത്തരം ഫാമുകളില്‍നിന്നും പുറംതള്ളപ്പെടുന്ന വിസര്‍ജ്യവസ്തുക്കള്‍ മഴക്കാലത്ത് പരിസരത്തെ കുടിനീര്‍ സ്രോതസ്സുകള്‍ക്ക് ഭീഷണിയാവുകയും ചെയ്യാറുണ്ട്. ഇതിന് ഒരു ലളിതമായ പരിഹാര മാര്‍ഗമാണ് വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യ വസ്തുക്കളില്‍നിന്ന് ജലാംശം പരമാവധി നീക്കി വേഗത്തില്‍ ഉണക്കിയെടുത്ത് വളമായി മാറ്റുന്നത്. . ഇത്തരം ഖര ദ്രവ വേര്‍തിരിവിന് അനുയോജ്യമായ യന്ത്രസംവിധാനമാണ് ചാണക 'ഡീവാട്ടറിങ് മെഷിന്‍. വേര്‍തിരിക്കപ്പെട്ട ജലം കൃഷിയിട ജലസേചനത്തിനോ ഷെഡ് ശുചീകരണത്തിനോ ഉപയോഗിക്കാം'
അന്‍പതിലധികം പന്നികളുള്ള ഫാമുകളോ,ഡയറി ഫാമുകളോ ആരംഭിക്കുന്ന കര്‍ഷകര്‍ക്ക് ഈ യന്ത്രസംവിധാനം വളരെ ഉപകാരപ്രദമാണ്. ഷെഡ്ഡുകള്‍ വൃത്തിയാക്കുന്ന വെള്ളവും ചാണകവും ചേര്‍ന്ന സ്ലറി പ്രത്യേക ടാങ്കുകളില്‍ ശേഖരിക്കുകയും അവിടെനിന്ന് ഈ മിശ്രിതം പ്രത്യേക ചോപ്പര്‍ പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് പൈപ്പുകള്‍ വഴി മെഷീനിന്റെ മുകളിലെ ഹോപ്പറിലേക്ക് നിറയ്ക്കുകയും ചെയ്യുന്നു. അവിടെനിന്ന് പ്രത്യേക സ്‌ക്രൂ കമ്പ്രസര്‍ വഴി കടത്തിവിടുന്ന ചാണക സ്ലറിയില്‍ നിന്നും ഖരമാലിന്യവും വെള്ളവും വെവ്വേറെ നീക്കം ചെയ്യും. ഖര വസ്തുക്കള്‍ പ്രത്യേകമായി വേര്‍തിരിക്കുകയും വെള്ളം മാത്രമായി യന്ത്രത്തില്‍നിന്ന് പൈപ്പുകള്‍ വഴി ടാങ്കുകളില്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇവിടെ അവായു സാന്നിധ്യത്തില്‍ സൂക്ഷ്മാണുക്കള്‍ പ്രതിപ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പുറത്തേക്കു വരുന്ന വെള്ളം കൃഷിയിട ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യാം. ശുചീകരണം പുല്‍ക്കൃഷിക്ക് അത്യുത്തമമാണ് ഈ ജൈവജലം. മലിനീകരണ നിയന്ത്രണ അരിപ്പകളിലൂടെ കടത്തിവിട്ട് ശുചീകരിച്ചാല്‍ വെള്ളം തൊഴുത്തുകളുടെ ശുചീകരണത്തിന് ഉപയോഗിക്കാം. പൊതുവേ പന്നിഫാമുകളില്‍ ഉണ്ടാകാറുള്ള ദുര്‍ഗന്ധം ഒരു പരിധിവരെ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ജലാംശം നീക്കംചെയ്ത ചാണകം സമ്പൂര്‍ണ ജൈവ വളമായി നേരിട്ട് ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക്: 9447452227.
കടപ്പാട് : മാതൃഭൂമി
Share your comments