കേരളത്തില്‍ സാക്ഷരതായജ്ഞം നടപ്പാക്കിയ അതേ ഉള്ളുറപ്പോടെ ഡിജിറ്റല്‍ സാക്ഷരത യജ്ഞവും നടപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ഇടം (എജുക്കേഷണല്‍ ആന്റ് ഡിജിറ്റല്‍ അവയെര്‍നസ്) സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയജ്ഞത്തിന്റെ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ മേഖലയില്‍ സ്വന്തം ഇടം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത യജ്ഞം സംസ്ഥാനത്താകെ വ്യാപിപ്പിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സ് സയന്‍സിന്റെയും കാലത്ത് അതില്‍ നിന്നും പിന്മാറി നില്‍ക്കാതെ പുത്തന്‍ സാങ്കേതിക വിദ്യകളെ പരിചയപ്പെടണം. തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രവീണ്യം ഉള്ളവരാക്കി മാറ്റുകയാണ് ഇടം പദ്ധതിയുടെ ലക്ഷ്യം. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട് ഫോണ്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം മനസിലാക്കുക, ദുരുപയോഗം തിരിച്ചറിയുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. . മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ ഘട്ട പരിശീലനം നല്‍കും. ഇവരാണ് വാര്‍ഡ്തലങ്ങളില്‍ പരിശീലനം നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തളിപ്പറമ്പ് എം എല്‍ എയുടെ നേതൃത്വത്തിൽ കൈറ്റ്, സാക്ഷരത മിഷന്‍, എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയമസഭാ മണ്ഡലം സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ മണ്ഡലം ആകാന്‍ ഒരുങ്ങുന്നത്.
തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രൊമോ വീഡിയോ പ്രകാശനം കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. സര്‍വേ സോഫ്റ്റ് വെയറിന്റെ പ്രകാശനം സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന നിര്‍വഹിച്ചു. എല്‍ എസ് ജി ഡി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ വിനോദ് ലോഗോ പ്രകാശനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി,
ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബര്‍ട്ട് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ഷീബ, വി എം സീന, എം വി അജിത, പി പി റെജി, അബ്ദുള്‍ മജീദ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ദിനേശന്‍ മാസ്റ്റര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തിന് ന്യായവില ഉറപ്പാക്കും: ഫിഷറീസ് മന്ത്രി
Share your comments