1. റേഷൻ വിതരണത്തിന് തടസം, വൈകുന്ന സാധന വിതരണവും ഈ പോസ് തകരാറും. മാസ വേതനം, സപ്പോർട്ടിങ് പേയ്മെന്റ, കമ്മീഷൻ എന്നിവ ലഭിക്കതെ റേഷൻ വ്യാപാരികൾ ആശങ്കയിൽ. എല്ലാമാസവും കൃത്യമായി റേഷൻ വിതരണത്തിന് എത്തിക്കാത്തതും, ഇ പോസ് സെർവർ തകരാറും ആണ് വിതരണത്തിന് തടസമാകുന്നത്. പകുതി കാർഡ് ഉടമകൾക്കു മാത്രമാണു ഈ മാസം റേഷൻ കിട്ടിയത്. വിതരണം പകുതിയായി കുറഞ്ഞതോടെ മിക്ക റേഷൻ വ്യാപാരികളുടെയും സപ്പോർട്ടിങ് പേയ്മെന്റും മുടങ്ങി. അതിനാൽ ഈ പ്രശ്നം ഒഴിവാക്കാൻ കോംബിനേഷൻ ബില്ലിങ് അനുവദിക്കണമെന്ന് റേഷൻ വ്യാപാരികൾ ആവിശ്യപ്പെട്ടു.
2. റബർ കർഷകർക്ക് ആശ്വാസം, സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിയുമായി മന്ത്രി പി.പ്രസാദ്. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി, ഉല്‍പ്പാദനം കണക്കാക്കി ആനുപാതികമായ തുക, വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2020-21 വർഷത്തിൽ റബറിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 1,534 കിലോഗ്രാമിൽ നിന്നും 1,565 കിലോഗ്രാമായും, കേരളത്തിലെ ആകെ റബർ ഉത്പാദനം 5.19 ലക്ഷം ടണ്ണിൽ നിന്നും 5.56 ലക്ഷം ടണ്ണായി കൂടി. അതിനാൽ റബറിന്റെ താങ്ങുവില ഉയർത്തുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ. കുടിവെള്ള ക്ഷാമം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്ന് ആരംഭിക്കുകയും ജലലഭ്യത പ്രവർത്തനങ്ങൾ ഊർജ്ജമാകുകയും വേണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 'കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കൂടി ചേർത്തിട്ടുണ്ടെന്നും, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്ണെന്നും മന്ത്രി പറഞ്ഞു. ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംഭരണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
5. മാഹിയിലെ കർഷകർക്ക് കർഷക കാർഡ് ലഭിക്കും. മാഹി മേഖലയിലെ കർഷകർക്ക് കർഷക കാർഡിന് അപേക്ഷ നൽകാവുന്നതാണ്. സ്വന്തമായി അഞ്ച് സെൻറിൽ കൂടുതൽ സ്ഥലം കൈവശമുള്ളതും കൃഷി ചെയ്യുന്നവരുമായ കർഷകർക്ക് അപേക്ഷാഫോം സമർപ്പിക്കാം. പള്ളൂർ കൃഷി ഓഫീസിൽനിന്ന് ഫോം ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ 28-ന് മുൻപ് പള്ളൂർ കൃഷി ഓഫീസിൽ എത്തിക്കുക.
6. കുഞ്ചിക്കുഴി ചിറയില്‍ മത്സ്യകൃഷിക്ക് തുടക്കമായി, മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊപ്പം കുഞ്ചിക്കുഴി ചിറയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ മത്സ്യ കുഞ്ഞുങ്ങളെ ചിറയില്‍ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍പ്പ് ഇനത്തിലെ രണ്ടായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ എത്തിച്ചത്. എട്ടു മാസത്തോടെ മത്സ്യകുഞ്ഞുങ്ങള്‍ വിളവെടുപ്പിന് തയ്യാറാകും.
7. വയനാട്ടിലെ കർഷകർ ആശങ്കയിൽ: ജലസേചന സൗകര്യങ്ങളില്ല. വയനാട്ടിലെ വെണ്ണിയോട് കോട്ടത്തറ പഞ്ചായത്തിലെ കർഷകരുടെ കൃഷികൾ കനത്ത വേനൽച്ചൂടിൽ ഉണങ്ങി നശിക്കുന്നു. മഴക്കാലത്ത് ആഴ്ചകളോളം വെള്ളത്തിനടിയിലായും, വേനലിൽ കൃഷി ഉണങ്ങി നശിക്കുന്നതും കർഷകരുടെ പ്രതീക്ഷകൾ തകർക്കുന്നു.പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷമായി ഈ സ്ഥിതി തുടരുന്നതിനാൽ, കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാര്യമായ ജലസേചന സൗകര്യം ഇല്ലാത്തതാണു വേനലിൽ കൃഷി ഉണങ്ങി നശിക്കാൻ കാരണമെന്നും വേനൽ കനത്തതോടെ തോടുകളും കുളങ്ങളും വറ്റിവരണ്ട് വെള്ളമില്ലാതെ കൃഷി നശിക്കുന്നു എന്നും കർഷകർ പറഞ്ഞു.
8. കയര്‍ ഭൂവസ്ത്രം വിരിച്ച കുളങ്ങളുമായി കുമളി ഗ്രാമപഞ്ചായത്ത് ശ്രദ്ധനേടുന്നു. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികവുമായി ബന്ധപ്പെട്ട് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ കുമളി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു. രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കുക, കൃഷിക്ക് വേണ്ട ജലം ലഭ്യമാക്കുക , ഭൂഗര്‍ഭ ജലനിരപ്പിന്റെ വര്‍ദ്ധനവ് എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
9. തലയോലപ്പറമ്പ് ഫിഷ് ഫാമിൽ പൂമീൻ കൃഷി വിളവെടുപ്പ് നടത്തി. കോട്ടയം തലയോലപ്പറമ്പ് മത്സ്യഫെഡിന്റെ ഫിഷ് ഫാമിൽ നടത്തിയ പൂമീൻകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഫാമിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന മൂന്നുകുളങ്ങളുടെ ചിറകൾ ബലപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ കുളങ്ങൾ ഒരുക്കി, അഞ്ചുലക്ഷം പൂമീൻ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞവർഷം നിക്ഷേപിച്ചത്. 140 ടൺ മത്സ്യം വിളവെടുക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
10. കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ തുടരും. കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശമുണ്ട്.
കൂടുതൽ വാർത്തകൾ: കമ്പോള വില നിലവാരം 23/03/2023; പാവയ്ക്ക, ബീറ്റ്റൂട്ട്
Share your comments