പൊതുവിദ്യാഭാസ രംഗത്ത് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം കുട്ടികളുടെ പഠനവും ആരോഗ്യ സംരക്ഷണവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി . കുന്നംകുളം മണ്ഡലത്തിലെ കുന്നംകുളം മണ്ഡലത്തിലെ ചൊവ്വന്നൂർ ബ്ലോക്കിനു കീഴിലുള്ള മൂന്ന് വിദ്യാലയങ്ങളിലെ കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പഴഞ്ഞി ഗവ വി എച്ച് എസ് എസ്, യുപി കെട്ടിട സമുച്ചയങ്ങൾ, തയ്യൂർ ഗവ. എച്ച് എസ് എസ് കെട്ടിടങ്ങൾ, വേലൂർ ഗവ. രാജ സർ രാമവർമ എച്ച് എസ് എസ് കെട്ടിടം എന്നിവയാണ് ഉദ്‌ഘാടനം ചെയ്തത്.
വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 3000 കോടി രൂപയുടെ സ്കൂൾ കെട്ടിടങ്ങളാണ് നിർമ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. വിദ്യാലയങ്ങളിലുണ്ടായ വിദ്യാർത്ഥികളുടെ വർദ്ധനവ് അതിന് ഉദാഹരണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2022-23 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം വിതരണം പൂർത്തിയാക്കിയതായി മന്ത്രി തയ്യൂർ സ്കൂൾ കെട്ടിടോദ്ഘാടന വേളയിൽ അറിയിച്ചു. ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികൾക്കായി 42.08 ലക്ഷം മീറ്റർ തുണി വിതരണം ചെയ്തു. കൈത്തറി യൂണിഫോം നൽകാത്ത സ്കൂളുകളിലെ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്ക്കൂളുകളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും, യു.പി, എച്ച്.എസ്, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 4 വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു കുട്ടിക്ക് 2 ജോഡി യൂണിഫോമിന് തയ്യൽ കൂലി അടക്കം 600 രൂപ നിരക്കിൽ ആകെ 24.38 കോടി രൂപ (24,38,54,400) അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിൽ നിന്നുമുളള കത്തിടപാടുകൾ പൂർണ്ണമായും ഇ-തപാൽ മുഖേന ചെയ്യുന്നതിന് രൂപീകരിച്ച ഇ - തപാൽ അറ്റ് സ്‌കൂൾസ് പദ്ധതി സംസ്ഥാനത്തെ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിൽ വിജയകരമായി പൂർത്തിയാക്കി. അദാലത്തിലൂടെ ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് അറിഞ്ഞ് അതിന് പരിഹാരം കാണാനുള്ള നടപടികൾ സർക്കാർ നടത്തി വരികയാണ്. ഒന്നര വർഷത്തിനു ശേഷം കേരളം അതിദരിദ്രർ ഇല്ലാത്ത നാടായി മാറുമെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ചരിത്രത്തിലാദ്യമായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടിയ സർക്കാരാണിതെന്ന് വേലൂരിൽ മന്ത്രി പറഞ്ഞു. 25 ലക്ഷം ആളുകൾ പരിപാടിയുടെ ഭാഗമായെന്നും മന്ത്രി പറഞ്ഞു. കേരള ചരിത്രവും ശാസ്ത്രവും വിദ്യാർത്ഥികൾ പഠിച്ചിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ സി മൊയ്തീൻ എംഎൽഎ മൂന്ന് ചടങ്ങുകളിലും അധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് മുഖ്യാതിഥിയായി. പഴഞ്ഞിയിൽ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, കാട്ടാകാമ്പൽ പഞ്ചായത്ത് പ്രസിഡൻറ് ഇ എസ് രേഷ്മ, പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ, കാട്ടാകാമ്പാൽ വൈസ് പ്രസിഡന്റ് പി എ യദു കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ കെ ഹരിദാസ്, ടി എസ് മണികണ്ഠൻ, ആർഡിഡി വി കെ അബ്ദുൾ കരീം, ഹെഡ്മിസ്ട്രസ് പി ആർ ഉഷ, വിഎച്ച്എസ് സി പ്രിൻസിപ്പാൾ ദീപ എസ് ബാല, പ്രിൻസിപ്പാൾ കെ വെങ്കിടമൂർത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ ജേതാക്കായ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്കൂളികൾ സ്ഥാപിച്ച ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മവും നടന്നു.
തയ്യൂർ ഗവ.ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ, സ്ഥിരം സമിതി അധ്യക്ഷരായ സപ്ന റഷീദ്, ഷേർലി ദിലീപ് കുമാർ, നിധീഷ് ചന്ദ്രൻ, വാർഡ് മെമ്പർ വിമല നാരായണൻ, ഡയറ്റ് പ്രിൻസിപ്പൽ ഡി ശ്രീജ, പ്രധാന അധ്യാപകൻ സുരേഷ് മാസ്റ്റർ, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയ്മാൻ വി കെ വിജയൻ, വാർഡ് മെമ്പർ സിഡി സൈമൺ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ അജിതകുമാരി, പ്രിൻസിപ്പൽ സ്മിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, അധ്യാപകർ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വീതം വിനിയോഗിച്ചാണ് ആധുനിക രീതിയിൽ പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം,പഴഞ്ഞി ഗവ. യുപി കെട്ടിടം,തയ്യൂർ ഗവ. ഹൈസ്കൂൾ കെട്ടിടം എന്നിവ പണിതുയർത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് രണ്ടുകോടി രൂപ വിനിയോഗിച്ചാണ് കുന്നംകുളം മണ്ഡലത്തിലെ വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പണിതത്. വിദ്യാകിരൺ പദ്ധതി പ്രകാരം ഒരുകോടി രൂപ ചിലവഴിച്ച യുപി വിഭാഗം കെട്ടിടവും നിർമ്മിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എൻ്റെ കേരളം: പത്തനംതിട്ട ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രദർശന മേള; മന്ത്രി വീണാ ജോർജ്ജ്
Share your comments