1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു മാർച്ച് 15 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മസ്റ്ററിങ് പൂർത്തീകരിച്ച എല്ലാവർക്കും പെൻഷൻ തുക ലഭിക്കും. ഏപ്രിൽ മുതൽ അതതുമാസം പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ലഭിക്കും. 1600 രൂപവീതം 52 ലക്ഷം പേർക്കാണ് വിതരണം ചെയ്യുക.
2. കെ റൈസ് മാർച്ച് 13ന് വിപണിയിലെത്തും. ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും, കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം - എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.
3. കൊക്കോ സംസ്കരണവും മൂല്യവർധനവും വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. തൃശൂർ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണ കേന്ദ്രത്തിൽവച്ച് മാർച്ച് 16ന് സൗജന്യ പരിശീലനം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്- 9400851099, 9846707712.
4. കൊല്ലത്തെ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ക്ക് പുത്തനുണർവ്. ടാന്‍സാനിയയില്‍ നിന്നും തോട്ടണ്ടി എത്തിയതോടെ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പുതുക്കിയ 23 ശതമാനം കൂലി വര്‍ധന കൂടി പ്രാബല്യത്തില്‍ വന്നത് തൊഴിലാളികൾക്ക് ആശ്വാസമായി. ഈ വര്‍ഷം മുടക്കമില്ലാതെ തുടര്‍ച്ചയായി ജോലി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും 12,000 മെട്രിക്ക് ടണ്‍ തോട്ടണ്ടി കൂടി എത്തുന്നതോടെ ഈ വര്‍ഷം തുടര്‍ച്ചയായി ജോലി നല്‍കാന്‍ സാധിക്കും. 14,000ല്‍ അധികം തൊഴിലാളികളാണ് കോര്‍പ്പറേഷന്‍ ഫാക്ടറികളിലെ വിവിധ സെക്ഷനുകളില്‍ ജോലി ചെയ്യുന്നത്.
Share your comments