ചക്കയെ സ്നേഹിക്കാത്തവരും ചക്കയെ സ്നേഹിക്കും. ചക്കയെ എങ്ങനെ സ്നേഹിക്കണമെന്ന് ഈ വീട്ടമ്മ പഠിപ്പിക്കും. അവർ മറ്റാരുമല്ല പാലാക്കാരി അച്ചായത്തി മംഗലത്ത് ആൻസി മാത്യു.
പാചകത്തിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ ധാരാളമുള്ള ചക്കയെ പുറം ലോകം കാണിക്കണമെന്നുറച്ചു. അങ്ങനെ ചക്കയിൽ എന്തെങ്കിലുമൊക്കെ പരീക്ഷണമാകാമെന്നുറച്ചിട്ട് വർഷങ്ങളായി.
ആൻസി ഇന്ന് ചക്കയിൽ തീർക്കാത്ത വിഭവങ്ങൾ ഒന്നും തന്നെയില്ല. ചക്കയുടെ കുരു മുതൽ ഇല വരെ വിഭവങ്ങളായി മേശയിലെത്തും. ചക്കയിൽ നമ്മൾ
ഉപ്പ് ചേർക്കാറുണ്ട്. എന്നാൽ ചക്കക്കുരുവിൽ അയഡിന്റെ അംശമുണ്ടെന്ന് ഇവർ പറയുന്നു. അതിനാൽ അയഡിൻ ചേർന്ന ഉപ്പ് ചേർക്കേണ്ടതില്ല.
ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ അംഗമാണ് ഇവർ. ചക്കയെക്കുറിച്ച് നിരവധി സ്ഥലങ്ങളിൽ ക്ലാസുകൾ എടുക്കാനും പോകാറുണ്ട്. ഹോർട്ടി കോർപ്പിന്റെ പഴം സംസ്കരണ പ്രോജക്ടിന്റെ ഭാഗമായും ക്ലാസുകൾ നയിക്കുന്നുണ്ട്. അങ്ങനെ വീട്ടമ്മമാരെ മാത്രമല്ല പുരുഷന്മാരെ പോലും ചക്കയിലേക്ക് അടുപ്പിക്കുന്നു.
ചക്ക വിഭവങ്ങൾ ഉണ്ടാക്കുന്നതിനെകുറിച്ച് മാത്രമല്ല ചക്കയുടെ ഗുണഗണങ്ങളെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കാൻ ഇവർ സമയം കണ്ടെത്തുന്നു. ദിവസവും നിരവധി ആളുകൾ ഫോണിൽ വിളിച്ചും ചക്കയെക്കുറിച്ച് ചോദിച്ചറിയാറുണ്ട്. അവരിൽ അധികം ആളുകൾക്കും ചക്ക വിഭവങ്ങളുടെ ചേരുവകളാണ് അറിയേണ്ടതെന്ന് ആൻസി പറയുന്നു. കാൽസ്യവും അന്നജവും പ്രോട്ടീനും അടങ്ങിയിട്ടുള്ള ചക്ക രക്തസമ്മർദ്ദം നിയന്ത്രിക്കാനും അർബുദത്തെയും പ്രമേഹത്തെയും തടയാനും ഫലപ്രദമാണ്. ചക്ക ദഹനത്തിനും ഉത്തമമാണെന്നാണ് ഇവരുടെ മതം. ചക്ക കഴിക്കുമ്പോൾ ചിലർക്ക് വയറ്റിൽ അസ്വസ്ഥത ഉണ്ടാകാറുണ്ട്. ചക്കയ്ക്ക് ചുക്കാണ് ബസ്റ്റ് എന്ന് അവർ പറയുന്നു.
തലമുറകളുടെ രുചിക്കനുസരിച്ചാണ് ഇവർ വിഭവങ്ങൾ തയ്യാറാക്കുന്നത്. ചക്ക പുഡിംഗ്, സൂപ്പ്, ബർഗർ, ബിരിയാണി, ഷെയ്ക്ക്, പുഴുക്ക്, കേക്ക്, കൊണ്ടാട്ടം തുടങ്ങി മുന്നൂറോളം വിഭവങ്ങൾ ആൻസിയുടെ അടുക്കളയിൽ റെഡി.
ആൻസി തയ്യാറാക്കിയ 150-ൽ അധികം ചക്ക വിഭവങ്ങളുടെ പാചക കുറിപ്പുകൾ അടങ്ങിയ 'ചക്ക വിഭവങ്ങൾ' എന്ന പുസ്തകവും ഇന്ന് വിപണിയിലുണ്ട്.
Share your comments