<
  1. News

ആഭ്യന്തര വിമാനയാത്ര ഇന്ന് (25.05.20) മുതല്‍; യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധം

എറണാകുളം: ആഭ്യന്തര വിമാന സര്വീസുകള് ഇന്നു (25.05.20) മുതല് പുനരാരംഭിക്കുന്ന സാഹചര്യത്തില് സുരക്ഷിത യാത്രയ്ക്കായി സര്ക്കാര് പ്രഖ്യാപിച്ച മാര്ഗനിര്ദേശങ്ങള് കര്ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര് എസ്. സുഹാസ് അറിയിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തില് നിന്ന് കോവിഡ്-19 നുമായി ബന്ധപ്പെട്ട് പ്രകടമായ ലക്ഷണങ്ങളില്ലെന്ന സാക്ഷ്യപത്രം (എസിംപ്റ്റമാറ്റിക് സര്ട്ടിഫിക്കറ്റ്) നിര്ബന്ധമായും ഹാജരാക്കണം.

K B Bainda

എറണാകുളം: ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നു (25.05.20) മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ്-19 നുമായി ബന്ധപ്പെട്ട് പ്രകടമായ ലക്ഷണങ്ങളില്ലെന്ന സാക്ഷ്യപത്രം (എസിംപ്റ്റമാറ്റിക് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമായും ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നവര്‍ക്ക് കോവിഡ് ജാഗ്രത പെര്‍മിറ്റുണ്ടായിരിക്കണം. പിക്ക്അപ്പിനും യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും സ്വകാര്യ വാഹനങ്ങളും ടാക്‌സികളും അനുവദിക്കും.

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍:

1. വിമാനടിക്കറ്റുകള്‍ ലഭിച്ച ശേഷം ജാഗ്രത വെബ്‌സൈറ്റില്‍ (covid19jagratha.kerala.nic.in) യാത്രക്കാര്‍ തങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന ലിങ്കില്‍ നിന്ന് ഡൊമസ്റ്റിക് റിട്ടേണീസ് പാസ് തിരഞ്ഞെടുത്ത് ന്യൂ രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എന്റര്‍ ഡീറ്റെയ്ല്‍സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കാം.

2. ഒരു ടിക്കറ്റില്‍ ഒന്നിലധികം വ്യക്തികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍, എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ചേര്‍ക്കണം. ഇതിനായി ഒരാള്‍ രജിസ്റ്റര്‍ ചെയ്യുകയും ആഡ് ഫാമിലി മെംബര്‍ എന്ന ഓപ്ഷന്‍ വഴി മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം.

3. രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും അയയ്ക്കുന്ന ക്യുആര്‍ കോഡിനൊപ്പം യാത്രാ പെര്‍മിറ്റ് ലഭിക്കും.

4. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച എന്‍ട്രി പാസിന്റെ വിശദാംശങ്ങള്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിച്ച ശേഷമാണ് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് അനുവദിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേക റിക്വസ്റ്റ് അയയ്‌ക്കേണ്ടതാണ്.

5. യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം.

6. വിമാനത്താവളത്തിലെ രജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ യാത്രക്കാര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കണം.

7. മെഡിക്കല്‍ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറന്റൈനിലേക്കും രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ അയയ്ക്കും.

8. സംസ്ഥാനത്ത് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

9. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുപോകാന്‍ വാഹനങ്ങളുമായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വരാം. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. വിമാനത്താവളത്തിലെത്തുന്നവര്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകേണ്ടതാണ്.

10. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടാകും.

ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

വിമാനത്താവളങ്ങളിലെ അധിക സൗകര്യങ്ങള്‍:

യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് ഇറക്കുന്നതിനുള്ള സൗകര്യം.

ഹെല്‍ത്ത് ഡെസ്‌ക്

സാമൂഹിക അകലം പാലിച്ച് വിവിധ ഡെസ്‌കുകളിലേക്ക് എത്തുന്നതിന് ക്യൂ നില്‍ക്കാനുള്ള സൗകര്യം

ഡെസ്‌കുകളില്‍ ആവശ്യമായ ഐടി ടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക പിന്തുണയും

കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ആരോഗ്യ പരിശോധന ക്യുബിക്കിളുകള്‍

ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം

എല്ലാ ഉദ്യോഗസ്ഥര്‍ക്കും പിപിഇ, സാനിറ്റൈസറുകള്‍

വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കും

താപനില പരിശോധിക്കാന്‍ ഇന്‍ഫ്രാറെഡ് ഫഌഷ് തെര്‍മോമീറ്റര്‍

കോവിഡ് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണം ഹെല്‍ത്ത് ഡെസ്‌കില്‍ മാത്രമായി ക്രമീകരിക്കും

നിരീക്ഷണത്തിന്റെ ഏകോപന ചുമതല വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കാണ്

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റും. രണ്ട് ചേംബറുകളുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍ പിപിഇ കിറ്റ് ധരിക്കണം.

നിരീക്ഷണത്തിനായി ജീവനക്കാരെ രണ്ടാഴ്ചത്തേക്കാണ് നിയമിക്കുക. അതിനു ശേഷം അവരെ ക്വാറന്റൈനിലേക്ക്് മാറ്റും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ ജില്ലാ, സംസ്ഥാന തലങ്ങളിലെ ഏകീകൃത രോഗ നിരീക്ഷണ സംവിധാനത്തില്‍ (ഐ ഡി എസ് പി) വിവരമറിയിക്കണം. പിസിആര്‍ പരിശോധനയും നടത്തണം.

പ്രതിദിന റിപ്പോര്‍ട്ടുകള്‍ എല്ലാ ദിവസവും വൈകിട്ട് മൂന്നിന് controlroomdhskerala@gmail.com, covid19travelsurveillance@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് അയയ്ക്കണം.

പുറത്തിറങ്ങിയ യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് 20-25 പേരുള്ള ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഹെല്‍ത്ത് ഡെസ്‌കിലേക്ക് അയയ്ക്കുക. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.

വീല്‍ചെയറുകള്‍ ലഭ്യമാക്കും.

രോഗലക്ഷണങ്ങളുളളവരെ സാംപിള്‍ ശേഖരിക്കാനും പരിശോധനയ്ക്കും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍.

അറിയിപ്പുകള്‍ക്ക് എയര്‍പോര്‍ട്ടിലെ അനൗണ്‍സ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തും.

എയര്‍പോര്‍ട്ട് ജീവനക്കാരും കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കണം.

ആഴ്ചയില്‍ 113 സര്‍വീസുകള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയില്‍ നിന്ന്  പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകും. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകള്‍ നടത്താന്‍ കൊച്ചി വിമാനത്താവളം തയ്യാറായിട്ടുണ്ട്.

മെയ് 25 മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും കൊച്ചി സര്‍വീസുണ്ടാകും.

എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ,  അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാല്  മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം.

വിമാനയാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നവര്‍ താഴെ പറയുന്ന ക്രമം അനുസരിക്കുക

* യാത്രക്കാര്‍ വെബ് ചെക് ഇന്‍ ചെയ്തിരിക്കണം. മാസ്‌ക് ധരിച്ചുവേണം ടെര്‍മിനലില്‍ എത്താന്‍. ബോര്‍ഡിങ് ഗേറ്റിന് തൊട്ടുമുമ്പ് ഫേസ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ പായ്ക്കറ്റുകള്‍ എന്നിവയടങ്ങിയ കിറ്റ് എയര്‍ലൈനുകള്‍ നല്‍കും. ഇവ, യാത്രയില്‍ ഉപയോഗിക്കണം. ഒരു ഹാന്‍ഡ് ബാഗേജ്, ചെക്ക്ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

* വാഹനങ്ങളില്‍ നിന്ന് ഇറങ്ങി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. വരിയില്‍ നില്‍ക്കുമ്പോള്‍ തറയിലെ അടയാളങ്ങളില്‍ മാത്രം നില്‍ക്കുക.

* ടെര്‍മിനലിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. ചുവരില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

* നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയതിട്ടുള്ള ആരോഗ്യസേതു ആപ്പ് ജീവനക്കാരനെ കാണിക്കുക. ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം ഗേറ്റിന്റെ അരികില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. അവര്‍തരുന്ന ഫോറം പൂരിപ്പിച്ച് വീണ്ടും ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് അരികില്‍ എത്തുക.

* ഇതുകഴിഞ്ഞാല്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിന് മുന്നിലും തുടര്‍ന്ന് സുരക്ഷാ ബോക്‌സിന് മുന്നിലും എത്തുക. സുരക്ഷാ ബോക്‌സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ വെബ് ചെക്ക് ഇന്‍ സ്‌ക്രീനിലുള്ള ബോര്‍ഡിങ് പാസ്  കാണിക്കുക. ഇത് സ്‌കാന്‍ ചെയ്യാന്‍  ക്യാമറാസംവിധാനം സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.

* ഇനി ബാഗേജ് അണുവിമുക്തമാക്കലാണ്. ഇതിനായി പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്.  ഹാന്‍ഡ് ബാഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാപരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്ഇന്‍ ബാഗ് ഉണ്ടെങ്കില്‍ മാത്രം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി വെബ് ചെക്ക് ഇന്‍ സ്‌ക്രീന്‍, എയര്‍ലൈന്‍ ജവനക്കാരെ കാണിക്കുക. ബാഗ്ഗേജ് ഏല്‍പ്പിക്കുക.

* ഒന്നാം നിലയിലെ സുരക്ഷാപരിശോധനയാണ് ഇനി. പരിശോധനയ്ക്ക് തൊട്ടുമുമ്പ് സി.ഐ.എസ്.എഫ് ജീവനക്കാരനെ ബോര്‍ഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.

* സുരക്ഷാപരിശോധന കഴിഞ്ഞാല്‍ നിശ്ചിത ഗേറ്റിന് മുന്നില്‍ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ടെര്‍മിനലിനുള്ളില്‍ കടകള്‍ പ്രവര്‍ത്തിക്കും. ഭക്ഷണസാധനങ്ങള്‍ കടകളില്‍ നിന്ന് വാങ്ങി, ഗേറ്റിനു മുന്നിലുള്ള സീറ്റുകളില്‍ വന്നിരുന്ന കഴിക്കാവുന്നതാണ്.

* ബോര്‍ഡിങ് അറിയിപ്പ് വന്നാല്‍, എയ്‌റോബ്രിഡ്ജില്‍ പ്രവേശിക്കുന്നത് തൊട്ടുമുമ്പ് എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയില്‍ മൊബൈല്‍ ഫോണിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാല്‍ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ ഭാഗത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

* സുരക്ഷാ കിറ്റിലുള്ള സാധനങ്ങള്‍ അണിഞ്ഞുവേണം വിമാനത്തിലിരിക്കാന്‍.

* വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്, ട്രോളികള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ടെര്‍മിനലിന് പുറേത്തക്ക് ഇറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്വാറന്റൈന്‍/ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക. യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് ടാക്‌സി സൗകര്യം ലഭ്യമാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്കൂൾ വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കും.

English Summary: Domestic Airline Today (25.05.20); Passengers must obtain a certificate from the Primary Health Center

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds