ഈ ചൂട് കാലത്തു കരിയിലകൾ അടിച്ചു കൂട്ടി തീയിടുന്ന വീട്ടമ്മമാരെ നിത്യേനയെന്നപോലെ കാണുന്നുണ്ട്. നാട്ടുമ്പുറങ്ങളിലാണ് ഈ കാഴ്ച കൂടുതലും. പക്ഷെ അരുത്. കരിയിലകൾ തീയിടരുത്. ഇത് പറയുമ്പോൾ എന്തുകൊണ്ട് എന്നൊരു മറുചോദ്യമാണ് കിട്ടുക. തീയിട്ടു പരിസരം ശുചിയാക്കുന്നതു നല്ലതല്ലേ എന്നാണ് പലരും പറയുക. എന്നാൽ ഈ കൂടിയ അന്തരീക്ഷ താപനില പോലും കൂട്ടുകയാണ് നമ്മൾ കരിയിലകൾ തീയിട്ടുകൊണ്ട് എന്ന് ആരെങ്കിലും അറിയുന്നുണ്ടോ?
ഈ ഉണക്കപ്പുല്ലുകളും കരിയിലകളും യഥാർത്ഥത്തിൽ നമുക്ക് നല്ല സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ, ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ, മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ, അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു കയറാതിരിക്കാൻ, കന്നിമഴയിൽ കിട്ടുന്ന ജലം ഒരു സ്പോഞ്ചു പോലെ ഒപ്പിയെടുത്തു സൂക്ഷിക്കാൻ, കിണറുകൾ വീണ്ടും നിറയ്ക്കാൻ, മണ്ണ് തണുപ്പിക്കാൻ, വൃക്ഷ വേരുകൾക്കു വെള്ളം ലഭ്യമാകാൻ ഒക്കെ ഉള്ള ഒരു പുതപ്പാണ് ഈ കരിയിലകൾ. നനഞ്ഞ പുതപ്പ്. ആ പുതപ്പാണ് നാം തീയിട്ടു നശിപ്പിക്കുന്നതു. ഭൂമി ചുട്ടു പോകും ഈ കത്തുന്ന വെയിലിൽ.
എന്ത് സംഭവിക്കും കരിയിലകൾക്കു തീയിട്ടാൽ?
മണ്ണിനെ മൂടി പുതച്ചു കിടക്കുന്ന ഈ കരിയില പുതപ്പു അടിച്ചു മാറ്റിയാൽ മണ്ണിലേക്ക് നേരിട്ട് വെയിൽ പതിക്കും. ഭൂമി ചുട്ടു പൊള്ളും. കുളങ്ങൾ, ഉറവകൾ, തോടുകൾ ഇവ വറ്റും. തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും അമിതമായി വെള്ളം ഒഴിക്കേണ്ടി വരും. മറ്റു ജലാശയങ്ങളിലെയും വെള്ളം വറ്റും. കുടിവെള്ളം കുറയും. കുടിക്കാനില്ലാതെ, ചെടികൾക്ക് നനയ്ക്കാനില്ലാതെ കൃഷി നശിക്കും. ഇനി ആലോചിക്കൂ കരിയിലകൾ കത്തിക്കണോ?
കത്തിച്ചാൽ ലഭിക്കുന്ന ചാരം വളമാക്കാമല്ലോ ?
ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2 %മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം അത് കത്തിക്കാതെ ജൈവീകമായി വീണടിയുകയാണെങ്കിൽ 100 % എനർജിയും ഭൂമിയിലേക്ക് എത്തിപ്പെടും. മാത്രമല്ല അവ കത്തിക്കുമ്പോൾ പുറത്തേക്കു വരുന്ന വിഷ വാതകവും അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. ഇനി ചിന്തിക്കൂ ഏതാണ് ലാഭം?
മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കി വിട്ടിട്ടു വേനൽക്കാലത്തു നമ്മൾ ആ വെള്ളത്തിനായി നെട്ടോട്ടമോടുന്നു. നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ തൊടിയിൽ തട കെട്ടി നിർത്തി നോക്ക്. അത്ഭുതം സംഭവിക്കും.
അതുകൊണ്ടു ഇനിമുതൽ ചപ്പു ചവറുകൾ നമുക്ക് കത്തിക്കാതിരിക്കാം. മഴവെള്ളം ഒഴുക്കി കളയാതെയുമിരിക്കാം. നമുക്കുവേണ്ടി മാത്രമല്ല, ഭൂമിക്കു വേണ്ടി, പ്രകൃതിക്കു വേണ്ടി, വരും തലമുറയ്ക്ക് വേണ്ടി ഒക്കെയും. അതോടൊപ്പം ചപ്പു ചവറുകൾ തീയിടുന്നതിനിടയിൽ പറമ്പിലെ ഉണക്കപ്പുല്ലുകൾക്കും തീപിടിച്ചു അടുത്ത പറമ്പുകളിലേക്കും ആളി പടർന്നു അതണയ്ക്കാനാവാതെ നെഞ്ച് പൊട്ടി ആ തീയിൽ വീണു വെന്തു മരിച്ച മൂവാറ്റു പുഴയിലെ കർഷകനെയും നമുക്ക് മറക്കാതിരിക്കാം.
ശ്രദ്ധിക്കു ;ചപ്പു ചവറുകൾ കത്തിക്കുന്നതിനു മുൻപ്
ഈ ചൂട് കാലത്തു കരിയിലകൾ അടിച്ചു കൂട്ടി തീയിടുന്ന വീട്ടമ്മമാരെ നിത്യേനയെന്നപോലെ കാണുന്നുണ്ട്. നാട്ടുമ്പുറങ്ങളിലാണ് ഈ കാഴ്ച കൂടുതലും. പക്ഷെ അരുത്. കരിയിലകൾ തീയിടരുത്. ഇത് പറയുമ്പോൾ എന്തുകൊണ്ട് എന്നൊരു മറുചോദ്യമാണ് കിട്ടുക.
Share your comments