1. കശുമാങ്ങയിൽ നിന്നും പാനീയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ കേരള. കാസർഗോഡ് മുളിയാറിൽ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാങ്ങയുടെ പഴച്ചാറിൽനിന്ന് പുറത്തിറക്കിയ ഒസിയാന കാർബണേറ്റഡ് പാനീയത്തിന്റെ അത്യാധുനിക പഴച്ചാർ സംസ്കരണ ഫാക്ടറിയുടെ ഉദ്‌ഘാടനകർമം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷികമേഖല വൈവിധ്യവത്കരണത്തിലേക്ക് കടക്കണമെന്നും നിലവിൽ കേരള ഗ്രോ എന്ന ബ്രാൻഡിൽ ഇറക്കിയ ഉത്പന്നങ്ങൾക്ക് ബ്രാൻഡഡ് ഷോറൂമുകളിലൂടെ വിപണി കണ്ടെത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ മുളിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, പഞ്ചായത്തംഗം റെയ്‌സ റാഷിദ്, പി.സി.കെ. ചെയർമാൻ ഒ.പി.അബ്ദുൾസലാം, എം.ഡി. ജയിംസ് ജേക്കബ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, പ്രൊഫ. കെ.മോഹൻകുമാർ, ജോയിസ് സെബാസ്റ്റ്യൻ തുടങ്ങിയവരും പങ്കെടുത്തു.
2. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10-ാം തീയതി മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിലും സെപ്റ്റംബര്‍ 12-ാം തീയതി കാട വളര്‍ത്തല്‍ എന്ന വിഷയത്തിലും പരിശീലനം നല്‍കുന്നു. പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 9-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി 0497- 2763473 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.
3. അടുത്ത ഒരാഴ്‌ച കൂടി കേരളത്തിൽ മഴ സജീവമായി തന്നെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴസാധ്യത ഉയർത്താൻ കാരണമെന്നും അറിയിപ്പിൽ പറയുന്നു. ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തിപ്രാപിക്കും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments